| Thursday, 15th December 2016, 1:00 pm

സിറാജുന്നിസ കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം: പൊലീസ് അതിക്രമത്തിന്റെ കഥയുമായി ടി.ഡി രാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് ഡിസംബര്‍ 15, സിറാജുന്നിസ ദിനം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 11കാരിയായ സിറാജുന്നിസ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 25 വര്‍ഷമാകുന്നു.

1991ലാണ് സിറാജുന്നിസ കൊല്ലപ്പെട്ടത്. ബാബറി മസ്ജിദ് തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ ബി.ജെ.പി അധ്യക്ഷനായിരുന്നു മുരളി മനോഹര്‍ ജോഷി കന്യാകുമാരിമുതല്‍ ശ്രീനഗര്‍ വരെ ഏകതാ യാത്ര നടത്തിയിരുന്നു. പാലക്കാടന്‍ മണ്ണിലൂടെ ഈ ഏകതായാത്ര കടന്നുപോയതിനു പിന്നാലെ മേപ്പറമ്പിനു സമീപം വലിയ കലാപമുണ്ടായെന്നും ഇവിടെ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി പൊലീസ് നടത്തിയ വെടിവെപ്പിലാണ് സിറാജുന്നിസ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് വാദം.

പുതുപ്പള്ളിത്തെരുവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞു സിറാജുന്നിസയ്ക്കുനേരെയും കുഞ്ഞുസിറാജുന്നിസ കൊല്ലപ്പെട്ടത്. എന്നാല്‍ നൂറണി ഗ്രാമത്തിലൂടെ മുന്നൂറോളം കലാപകാരികളേയും നയിച്ചുകൊണ്ട് ജാഥ നടത്തുകയായിരുന്നു സിറാജുന്നിസ എന്നു പറഞ്ഞാണ് പൊലീസ് ഈ ക്രൂരതയെ ന്യായീകരിച്ചത്.

രക്തത്തില്‍ കുളിച്ച കുട്ടിയെ രക്ഷിക്കാന്‍ ബന്ധുക്കളും അയല്‍ക്കാരും ശ്രമിച്ചെങ്കിലും പൊലീസ് അവരെ പൊതിരെ തല്ലി. ഒടുക്കം പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സിറാജുന്നിസ മരണത്തിനു കീഴങ്ങിയിരുന്നു.

പൊലീസിന്റെ നിഷ്ഠൂരതയുടെ 25 ആണ്ടുകള്‍ കഴിയുമ്പോള്‍ സിറാജുന്നിസയുടെ ഓര്‍മ്മകളെ ഒരു ചെറുകഥാസമാഹാരത്തിലൂടെ നമുക്ക് മുന്നിലെത്തിക്കുകയാണ് എഴുത്തുകാരനായ ടി.ഡി രാമകൃഷ്ണന്‍.

സിറാജുന്നിസയ്ക്ക് ആദരവ് അര്‍പ്പിക്കാനും പൊലീസ് ക്രൂരതയെയും ഹിന്ദുത്വ അജണ്ടയെയും തുറന്നുകാട്ടാനുമാണ് ഈ പുസത്കത്തിലൂടെ ടി.ഡി രാമകൃഷ്ണന്‍ ശ്രമിക്കുന്നത്. ഡി.സി ബുക്‌സ് അടുത്തയാഴ്ചയാണ് ഈ പുസ്തകം പുറത്തിറക്കുന്നത്.

കലാപാനന്തര ഗുജറാത്തില്‍ മുതിര്‍ന്ന സിറാജുന്നിസയുമായുള്ള എഴുത്തുകാരന്റെ സാങ്കല്പിക കൂടിക്കാഴ്ചയിലൂടെയാണ് ടി.ഡി രാമകൃഷ്ണന്‍ കഥ പറയുന്നത്.

“വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കിടയില്‍ ഇന്ത്യന്‍ മുസ്‌ലിം യുവതികള്‍ക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ വിവരിക്കാനാണ് ചെറുകഥയിലൂടെ ഞാന്‍ ശ്രമിക്കുന്നത്.” ടി.ഡി രാമകൃഷ്ണന്‍ പറയുന്നു. “തങ്ങള്‍ വിശ്വസിക്കുന്ന മതങ്ങള്‍ക്കപ്പുറം ആളുകള്‍ക്കിടയില്‍ ഉണ്ടാവേണ്ട ഐക്യത്തിന്റെ ആവശ്യകതയ്ക്കാണ് ഈ പുസ്തകം ഊന്നല്‍ നല്‍കുന്നത്” അദ്ദേഹം വിശദീകരിക്കുന്നു.

“സിറാജുന്നിസ ജീവിച്ച വീട് അതിന്റെ പുതിയ ഉടമസ്ഥര്‍ തകര്‍ത്തു. സിറാജുന്നിസയുടെ സഹോദരിമാര്‍ അതികയും മുംതാസും വിവാഹിതരായി. അയല്‍ക്കാര്‍ക്കൊന്നും ഈ സംഭവത്തെക്കുറിച്ച് വലിയ ഓര്‍മ്മയൊന്നുമില്ല. വളരെക്കുറിച്ചു പേര്‍ക്ക് അവ്യക്തമായ ചില ഓര്‍മ്മകളുണ്ടെന്നതൊഴിച്ചാല്‍. അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more