സുധിയുടെ ‘മീനുക്കുട്ടീ’ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്ന മീനുവിനെ സിനിമാപ്രേക്ഷകരാരും മറക്കില്ല. ഒരു പാവം പെൺകുട്ടി. അവൾ പിന്നീട് പല സിനിമകളിൽ പല കഥാപാത്രങ്ങളായി. ചിലർക്ക് അവൾ മീനുക്കുട്ടി ആണെങ്കിൽ ചിലർക്ക് അവൾ ആനിയാണ്, രാധികയാണ്, മീരയാണ്… ആ പെൺകുട്ടി മറ്റാരും അല്ല, മലയാളികളുടെ സ്വന്തം രേഖയാണ്.
സിനിമയിൽ നിന്നും ഒരിടവേളയെടുത്ത രേഖ പിന്നീട് തിരിച്ചുവന്നത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലൂടെയാണ്.
32 വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂരിൽ നടന്ന കല്യാണത്തിൽ പരസ്പരം മാറി വിവാഹം ചെയ്ത കഥ പറഞ്ഞ ഗൃഹപ്രവേശം എന്ന സിനിമയിൽ നിന്നും വീണ്ടും എത്തിയത് അതേ ഗുരുവായൂരമ്പല നടയിലാണ്. പക്ഷെ, ഈ ഗുരുവായൂരമ്പലം സെറ്റിട്ടതാണെന്ന് പോലും തോന്നിക്കാതെ സെറ്റിട്ട അമ്പലമാണെന്ന് മാത്രം. അതുകണ്ട രേഖ ഒന്ന് ഞെട്ടി. കാരണം, ഗുരുവായൂരമ്പലം ഒരുതരി പോലും മാറാതെ അതുപോലെ തന്നെയാണ്.
നിമിത്തമെന്നാണ് തിരിച്ചുവരവിനെ രേഖ വിശേഷിപ്പിക്കുന്നത്. സംവിധായകൻ വിപിൻ ദാസിന്റെ ജയ ജയ ജയ ഹേ എന്ന സിനിമ കണ്ട് ഇഷ്ടപ്പെട്ടിരുന്ന രേഖയെ പ്രൊഡക്ഷൻ ഹൗസിൽ നിന്ന് അതേ സംവിധായകന്റെ സിനിമയിലേക്ക് വിളിച്ചപ്പോൾ തന്നെ ആയിരം ലഡു പൊട്ടി.
‘സംവിധായകൻ വിപിൻ ദാസിന്റെ പേര് കേട്ടപ്പോൾ തന്നെ നെഞ്ചിൽ ലഡു പൊട്ടി. ജയ ജയ ജയ ജയ ഹേ എന്ന സിനിമ ഞാനും കണ്ടിട്ടുണ്ട്. അസൽ മൂവി. ആ സംവിധായകന്റെ സിനിമയെന്ന് കേട്ടപ്പോൾ ത്തന്നെ, ഞാൻ ഓക്കെയായിരുന്നു. പിന്നീട്, തിരക്കഥാകൃത്ത് ദീപു പ്രദീപ് വിളിച്ച് കഥ പറഞ്ഞുതന്നു’ രേഖ പറഞ്ഞത് ഇങ്ങനെയാണ്.
ജഗദീഷിന്റെ പെയറാണെന്ന് അറിഞ്ഞപ്പോൾ പിന്നെയും പൂത്തിരി കത്തി. കാരണം, ഗൃഹപ്രവേശത്തിൽ അഭിനയിച്ചത് ഇരുവരും ഒന്നിച്ചായിരുന്നു. ആ നൊസ്റ്റാൾജിക് ഫീൽ കൊണ്ടുവരാൻ ആണ് ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിൽ ആ കോമ്പോയെ വീണ്ടും ഒന്നിപ്പിച്ചത്.
പൃഥ്വിരാജിന്റെ കൂടെ വീരാളിപ്പട്ട്, അവൻ ചാണ്ടിയുടെ മകൻ എന്നീ സിനിമകളിൽ അഭിനയിച്ച രേഖ, പൃഥ്വിയുടെ കരിയറിലെ മാറ്റത്തെ അടുത്തറിഞ്ഞു. ആ മാറ്റത്തിനൊപ്പം സ്‌ക്രീൻ ഷെയർ ചെയ്യാനുള്ള ഭാഗ്യവും രേഖക്ക് ലഭിച്ചു.
പുതുതലമുറയിലെ താരങ്ങളെപ്പറ്റി രേഖ പറയുന്നത് ഇങ്ങനെയാണ്,
‘അവരുടെ ശ്രദ്ധയും തീവ്രപ്രയത്നങ്ങളും എടുത്തുപറയേണ്ടതാണ്. വളരെ ലൈറ്റായിട്ടുള്ള, സിമ്പിളായിട്ടുള്ള ആക്ടിങ് രീതിയാണ്. കടുംപിടിത്തമില്ല. എല്ലാവരും വിദ്യാഭ്യാസമുള്ളവരാണ്. എല്ലാറ്റിനെക്കുറിച്ചും നല്ല അറിവുമുണ്ട്. ചെയ്യാൻ പോകുന്ന ഷോട്ട് എങ്ങനെയാണെന്നൊക്കെ മനസിലാക്കിയാണ് അഭിനയിക്കാൻ വരുന്നത്. പണ്ടൊക്കെ നമുക്ക് പറഞ്ഞുതരുന്നതുപോലെ ചെയ്തിട്ടു പോവുകയായിരുന്നു. അവർക്കൊപ്പം അഭിനയിക്കുമ്പോൾ നമുക്കും പല കാ ര്യങ്ങളും പഠിക്കാം. പൃഥ്വിക്ക് എല്ലാറ്റിനെക്കുറിച്ചുമറിയാം. ബേസിൽ ഒരു നിഷ്‌കളങ്കനാണ്. നിഖിലാ വിമൽ, അനശ്വര ഇവരൊക്കെ മിടുക്കികളും സുന്ദരികളുമാണ്. അവരുടെ സ്‌പേസ് മനസിലാക്കി നല്ല കഥാപാത്രങ്ങൾ ചെയ്യുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായാണ് ഞാനും കാത്തിരിക്കുന്നത്,’
താൻ ചെന്നൈയിൽ ആയതുകൊണ്ടാണ് സിനിമ നഷ്‌ടപ്പെടുന്നത് എന്ന വിഷമം രേഖക്ക് ഉണ്ട്.
രേഖ ഇതുവരെ ചെയ്തുവെച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയുമാണ് ആളുകളിന്നും തന്നെ ഓർക്കുന്നത്. അതിൽ റാംജിറാവ് സ്പീക്കിങ്, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി, പാവം പാവം രാജകുമാരൻ, ലാൽസലാം തുടങ്ങി നിരവധി സിനിമകൾ ഉണ്ട്. ഇനിയും ഒരുപാട് സിനിമകൾ ചെയ്യാൻ രേഖക്ക് സാധിക്കട്ടെ…
Content Highlight: Story of Rekha in Guruvayoorambala Nadayil