| Sunday, 27th July 2025, 8:44 am

പ്രിയതമക്ക് വേണ്ടി ചിട്ടപ്പെടുത്തിയ പാട്ട് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഹിറ്റായ 'ട്രെന്‍ഡിങ്' കഥ

ശരണ്യ ശശിധരൻ

സംഗീതത്തെ വളരെയധികം ഇഷ്ടപ്പെട്ട ഒരു ഗായകന്‍ അവന്റെ പ്രിയതമക്ക് വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തി. അന്ന് അത്ര ശ്രദ്ധിക്കപ്പെടാതെ പോകുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ പാട്ട് ഹിറ്റാകുകയും ചെയ്തു. യൂട്യൂബില്‍ വ്യൂസ് കൂടി. റീല്‍സില്‍ കണ്ടറിഞ്ഞ് വന്നവരൊക്കെ ഏത് പാട്ടാണിതെന്ന് തപ്പി.

“കണ്ണോടു കണ്ണായിടാം..
മെയ്യോടു മെയ്യായിടാം..
കാതോരം പാടിയോ.. അനുരാഗം തേടിയോ..
മാനത്തെ പൂന്തോപ്പില്‍ താരങ്ങള്‍ പാടുമ്പോള്‍ അന്നുനാം കണ്ടതല്ലേ…”

എന്ന പാട്ട് അവര്‍ക്ക് കിട്ടി, പാട്ട് ശ്രദ്ധിക്കുന്ന എല്ലാവരും ആ വരികള്‍ മൂളിപ്പാടി. ഇടുന്ന ഫോട്ടോയ്ക്കൊപ്പം ആ പാട്ട് കൂട്ടിച്ചേര്‍ത്തു.

Job Kurian

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഗീത റിയാലിറ്റി ഷോയിലെ വേദിയില്‍ തിളങ്ങിയ ഗായകനാണ് ജോബ് കുര്യന്‍. പിന്നീട് സിനിമയിലേക്ക് എത്തിയ ജോബ് പല സിനിമകളിലും ആല്‍ബങ്ങളിലും പാട്ട് പാടി. ആ പാട്ടുകളൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഉറുമി എന്ന ചിത്രത്തിലെ ആരാന്നേ ആരാന്നേ… ഹണീ ബിയിലെ ഇന്നലകളേ തിരികെ വരുമോ… ഇടുക്കി ഗോള്‍ഡിലെ മാണിക്യ ചിറകുള്ള… എമ്പുരാനിലെ കാവലായി…പദയാത്ര ഇവയൊക്കെ പാട്ടുപ്രേക്ഷകര്‍ ഏറ്റെടുത്തു.

ജോബ് കുര്യന്‍ പങ്കെടുത്ത അതേ വേദിയില്‍ തന്നെ സഹമത്സരാര്‍ത്ഥിയായിരുന്നു ആതിര. പിന്നീട് ജോബിന്റെ പ്രിയതമയുമായി ആതിര.

അതൊക്കെ ഒരു നിയോഗം എന്നല്ലാതെ എന്തുപറയാന്‍. സിനിമകള്‍ റീറിലീസ് ചെയ്യാറുണ്ട്. പക്ഷേ പാട്ടുകളുടെ കാര്യത്തില്‍ സംഭവിച്ചൊരു റീറിലീസാണ് ഇതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് – ജോബ് കുര്യന്‍

Job Kurian with His Wife Athira

ഒരു മ്യൂസിക് ചാനലില്‍ പ്രക്ഷേപണം ചെയ്ത ആ ഗാനം സാധാരണപോലെ എല്ലാവരും കേട്ടു. പിന്നീട് ആ പാട്ടിനെയും വരികളെയും എല്ലാവരും മറവിയുടെ ലോകത്തേക്ക് വിട്ടു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഒരു മണ്‍സൂണ്‍ കാലത്ത് ഏവരും ഏറ്റെടുത്തു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ജോബ് കുര്യനും മൃദുല വാര്യരും ചേര്‍ന്നാണ് ശബ്ദം നല്‍കിയത്. ഗാനം പുറത്തിറങ്ങി പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഹിറ്റിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് കണ്ണോടു കണ്ണായിടാം എന്ന ഗാനം. പാട്ട് വീണ്ടും ട്രെന്‍ഡ് ആയതിനെക്കുറിച്ച് ജോബിന് പറയാനുണ്ട്

‘അതൊക്കെ ഒരു നിയോഗം എന്നല്ലാതെ എന്തുപറയാന്‍. സിനിമകള്‍ റീറിലീസ് ചെയ്യാറുണ്ട്. പക്ഷേ പാട്ടുകളുടെ കാര്യത്തില്‍ സംഭവിച്ചൊരു റീറിലീസാണ് ഇതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’

Mridula Warrier

ഈ പാട്ട് പലവട്ടം കേട്ട പലര്‍ക്കും ഇത് തന്റെ പാട്ടാണെന്ന് പോലും അറിയണമെന്നില്ലെന്നും ജോബ് കുര്യന്‍ കൂട്ടിച്ചര്‍ത്തു.

‘ഒരു നല്ല പാട്ടിന് സംഭവിക്കേണ്ടതും അതുതന്നെയാണ്. പാട്ടിന് അതിന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാവുമ്പോഴാണ് ഒരു മ്യൂസീഷ്യന്‍ എന്ന നിലയില്‍ എനിക്കും സന്തോഷം തോന്നുന്നത്. എന്റെ ‘താളം’ എന്ന ആല്‍ബവും പുറത്തിറങ്ങി അഞ്ചാറ് വര്‍ഷം കഴിഞ്ഞാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്,’ ജോബ് കുര്യന്‍ പറയുന്നു.

സംഗീത ലോകത്തും ഇപ്പോള്‍ ഓരോരോ ട്രെന്‍ഡുകളുടെ കാലമാണെന്നും ചില പാട്ടുകള്‍ പെട്ടെന്ന് വൈറലാകുമെന്നും ജോബ് കുര്യന്‍ പറയുന്നുണ്ട്. സിനിമകള്‍ മാത്രമല്ല ചില പാട്ടുകളും ഇന്ന് വൈറലാകുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ പല പാട്ടുകളും ഇന്ന് വൈറലാകുന്നു. എല്ലാവരും കേള്‍ക്കുന്നു.

‘അതൊരു ട്രെന്‍ഡ് സെറ്റര്‍ പോലെ ആയിത്തീരുന്നു. അതിലും വേഗത്തില്‍ അടുത്തൊരു ട്രെന്‍ഡിങ് ഗാനം വരുമ്പോള്‍ ആദ്യത്തേത് ചിലപ്പോള്‍ മറക്കും. കാരണം പുതിയ ലോകം ഓര്‍മകളുടേത് മാത്രമല്ല മറവികളുടേത് കൂടിയുമാണ്ട’

നമ്മള്‍ മലയാളികള്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്നത് പഴയ ജോണ്‍സണ്‍ മാഷിനെപ്പോലുള്ളവരുടെ മെലഡി പാട്ടുകളാണെന്നും ജോബ് പറയുന്നു. സംഗീതത്തെക്കുറിച്ച് ജോബിന് പറയാനുള്ളത് ഒരു കാര്യമാണ്

‘സംഗീതം ചില നേരങ്ങളില്‍ ആഘോഷമാണ്, മറ്റുചില നേരങ്ങളില്‍ അത് സ്വാന്തനവുമാണ്. രണ്ടുതരം പാട്ടുകള്‍ക്കും ഇവിടെ ആരാധകരുണ്ട്. ചില പാട്ടുകള്‍ കാലത്തോടൊപ്പം കൂടുതല്‍ ദൂരം യാത്ര ചെയ്യുമെന്ന് മാത്രം’

Content Highlight: Story Of Kannodu Kannayidam Song by Job Kurian

ശരണ്യ ശശിധരൻ

ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം

We use cookies to give you the best possible experience. Learn more