| Sunday, 7th June 2026, 10:56 am

ചിരിപ്പിച്ച് തുടക്കം, ഒടുക്കം കണ്ണീരണിയിച്ച് മടക്കം; മായാത്ത ചിരി നൽകി അയാൾ മടങ്ങി

കെ.എസ് ഷാബിന

മൂന്ന് പതിറ്റാണ്ടുകാലം മലയാളികളെ ചിരിപ്പിച്ച മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാർ അന്തരിച്ചു. മിമിക്രി വേദികളിലൂടെ കടന്നുവന്ന് മലയാള സിനിമയുടെ മണവാളനായി ചിരിയുടെ നോവ് നൽകിയാണ് മടക്കം.

ഹാസ്യകഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ആഴമേറിയ കഥാപാത്രങ്ങളിലൂടെ ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്ത ഒരാൾ. മതം തിരിച്ചറിയാതിരിക്കാൻ അച്ഛൻ സലിം എന്ന് പേര് നൽകി. സ്കൂളിലെ അധ്യാപിക കുമാർ എന്ന് ചേർത്തുവിളിച്ചു. അങ്ങനെ മലയാളികളുടെ സലിം കുമാർ ആയി മാറി.

കൊച്ചിൻ കലാഭവനിൽ നിന്നും മിമിക്രിയിലേക്കുള്ള യാത്ര അയാൾക്ക് സിനിമാലോകത്തേക്കുള്ള വാതിൽ തുറന്നു. പിന്നീട് ടെലിവിഷൻ രംഗത്തും കലാവേദികളും അയാൾക്കായി തുറക്കപ്പെട്ടു. ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ആദ്യ ചിത്രത്തിലൂടെ ആ യുഗത്തിന് തുടക്കമായി. മലയാളത്തിന് പുറമെ തമിഴിലും ബംഗാളി സിനിമാലോകത്തും അദ്ദേഹം തന്റെ സാന്നിധ്യം അറി യിച്ചു. മുന്നൂറോളം സിനിമകൾ തന്റെ പേരിലാക്കിയാണ് ഈ യാത്ര.

സലിം കുമാർ.Photo:Screengrab/Youtube

സിനിമകളിൽ നർമം നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം, ജീവിതത്തിൽ തന്റെ രാഷ്ട്രീയ നിലപാടുകൾ ശക്തമായി വ്യക്തമാക്കാൻ മടിച്ചിരുന്നില്ല. 2000-ൽ പുറത്തിറങ്ങിയ വിജി തമ്പിയുടെ ‘സത്യമേവ ജയതേ’ എന്ന ചിത്രത്തിലെ ‘മട്ടാഞ്ചേരി മമ്മദ്’ എന്ന കഥാപാത്രത്തിന്റെ ശ്രദ്ധേയമായ പ്രകടനം, റാഫി മെക്കാർട്ടിന്റെ ‘തെങ്കാശിപ്പട്ടണം’ എന്ന ചിത്രത്തിലേക്കുള്ള അവസരമായി മാറി.

പിന്നീട് സലിം കുമാർ എന്ന കലാകാരന്റെ ചിരിയുഗത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിച്ചത്. ‘മായാവി’യിലെ കണ്ണൻ സ്രാങ്ക് മുതൽ ‘കല്യാണരാമനി’ലെ പ്യാരിലാൽ, ‘തിളക്കത്തിൽ’ ഓമനക്കുട്ടൻ, ‘ചതിക്കാത്ത ചന്തു’വിലെ ഡാൻസ് മാസ്റ്റർ വിക്രം, ‘ഹാപ്പി ഹസ്ബൻഡ്‌സി’ലെ ധർമപാലൻ ‘പുലിവാൽ കല്യാണ’ത്തിലെ മണവാളൻ, ‘വൺ മാൻ ഷോ’യിലെ ഭാസ്കരൻ , ‘വെനീസിലെ വ്യാപാരി’ യിലെ കമലാസനൻ ‘മീശമാധവനി’ലെ വക്കീൽ മുകുന്ദനുണ്ണി, ‘ചട്ടമ്പിനാടി’ലെ മാക്രി ഗോപാലൻ,’കിളിച്ചുണ്ടൻ മാമ്പഴത്തിലെ’ ഉസ്മാൻ തുടങ്ങി മറ്റാർക്കും പകർന്നാടാൻ കഴിയാത്ത വിധം അയാൾ ആ കഥാപാത്രങ്ങൾ തന്റേതാക്കി മാറ്റിയിരുന്നു.

സലിം കുമാർ.Photo:Screengrab/Youtube

‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ തബല ഭാസ്കരൻ എന്ന കഥാപാത്രത്തെ മലയാളികൾ മറക്കാനിടയില്ല. ‘അച്ഛനുറങ്ങാത്ത വീട്’, ‘പെരുമഴക്കാലം’ തുടങ്ങിയ സിനിമകൾ പ്രേക്ഷകമനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ ലോനപ്പൻ എന്ന കഥാപാത്രം ആദ്യം ചിരിപ്പിച്ചുവെങ്കിലും അവസാനം നമ്മെ കണ്ണീരണിയിച്ചു. ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ 2010-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നേടി.

2015-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ഫയർമാൻ’-ലെ ‘നരേന്ദ്രൻ ആചാരി’ എന്ന വില്ലൻ കഥാപാത്രത്തിലൂടെ അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചു. പിന്നീട് 2018-ൽ പുറത്തിറങ്ങിയ ‘ക്വീൻ’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ശക്തമായ വക്കീൽ കഥാപാത്രം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്.

അഭിനയത്തിന് പുറമെ സംവിധായകനായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സലിം കുമാർ സംവിധാനം ചെയ്ത്, പ്രധാന വേഷത്തിൽ അഭിനയിച്ച് 2017-ൽ പുറത്തിറങ്ങിയ ‘കറുത്ത ജൂതൻ’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

സലിം കുമാർ.Photo:Imdb

മലയാളത്തിലെ മഹാനടന്മാർക്കൊപ്പവും അവരുടെ മക്കൾക്കൊപ്പവും അദ്ദേഹം അഭിനയിച്ചു. ‘മായാവി’യിൽ മമ്മൂട്ടിയോടൊപ്പം സ്രാങ്കായും, ‘ഒരു യമണ്ടൻ പ്രേമകഥ’ എന്ന ചിത്രത്തിൽ  ദുൽഖർ സൽമാനൊപ്പം  പാഞ്ചി എന്ന കഥാപാത്രത്തിലൂടെയും രണ്ടു തലമുറകൾക്കൊപ്പം അയാൾ സഞ്ചരിച്ചു. ‘മലയാളി ഫ്രം ഇന്ത്യ’, ‘മകന്റെ അച്ഛൻ’ എന്നീ ചിത്രങ്ങളിൽ പ്രിയനടൻ ശ്രീനിവാസനോപ്പവും മക്കളായ വിനീത്, ധ്യാൻ എന്നിവർക്കൊപ്പവും അദ്ദേഹം അഭിനയിച്ചു.

സിനിമയിലെ ചിരി ജീവിതത്തിലും ചേർത്തുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അയാളുടേത് മാത്രമായിരുന്നു. അതിനൊരു പകരക്കാരനെ കണ്ടെത്താൻ മലയാള സിനിമയ്ക്കാവില്ല. സലിം കുമാർ എന്ന നടനെ മലയാളികൾക്ക് ഓർമിക്കാൻ അയാൾ ചെയ്തുവെച്ച കഥാപാത്രങ്ങൾ മാത്രം മതി. മലയാള സിനിമയുടെ ചിരിയുടെ മണവാളനായി അയാൾ ഇവിടെയുണ്ടാകും.

Conetent Highlight : Story of Actor salim kumar

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more