| Monday, 9th March 2026, 12:13 pm

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കൂ; അമേരിക്കയിലുടനീളം വന്‍ പ്രതിഷേധം

നിഷാന. വി.വി

വാഷിങ്ടണ്‍: ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക യുദ്ധത്തിനെതിരെ അമേരിക്കയിലുടനീളം വന്‍ പ്രതിഷേധം.

വാഷിങ്ടണ്‍ ഡി.സി ഉള്‍പ്പടെയുളള നിരവധി യു.എസ് നഗരങ്ങളില്‍ ഞായറാഴ്ച്ച ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ യുദ്ധകുറ്റവാളി എന്ന് വിളിച്ചുകൊണ്ടും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടും പ്രകടനക്കാര്‍ ട്രംപ് ടവറിന് മുകളിലൂടെ മാര്‍ച്ച് ചെയ്തു. ഇറാനെതിരെ യുദ്ധം വേണ്ടായെന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് പ്രതിഷേധ പ്രകടനം നടന്നത്.

ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡി.സി, ചിക്കാഗോ, ലോസ് ആഞ്ചലേസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

ബ്ലാക് അലിയന്‍സ് ഫോര്‍ പീസ്, നാഷണല്‍ ഇറാനിയന്‍ അമേരിക്കന്‍ കൗണ്‍സില്‍, കോഡ് പിങ്ക് തുടങ്ങിയ മനുഷ്യാവകാശ സംഘടനകളും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളും ചേര്‍ന്നാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇറാനില്‍ ഇതുവരെ 1200ലധികം പേരുടെ ജീവന്‍ അപഹരിച്ച നിയമവിരുദ്ധ യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ് ഭരണകൂടത്തെ സമ്മര്‍ദത്തിലാക്കുന്നതിനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പ്രതിഷേധമെന്ന് സംഘാടകര്‍ പറഞ്ഞു.

അമേരിക്കയുടെ സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ‘നുണകളുടെ അടിസ്ഥാനത്തിലുളള യുദ്ധങ്ങള്‍ ഇനി വേണ്ട’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളെ ‘നിയമവിരുദ്ധമായ യുദ്ധകൊതി’ എന്ന് പരസ്യമായി അപലപിച്ച പ്രതിനിധി റാഷിദ ത്വലൈബ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളില്‍ നിന്നും പ്രതിഷേധക്കാര്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ഫെബ്രുവരി 28നായിരുന്നു ഇറാനെതിരായി ഇസ്രഈല്‍-അമേരിക്ക സംയുക്ത വ്യോമാക്രമണം ആരംഭിച്ചത്.

ഈ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഇ ഉള്‍പ്പടെയുളള പ്രമുഖ നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പിന്നാലെ പശ്ചിമേഷ്യയിലെ യു.എസിന്റെ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയും ഇസ്രഈലിലെ വിവിധ കേന്ദ്രങ്ങള്‍ക്കെതിരെയും ഇറാന്‍ പ്രത്യാക്രമണം നടത്തുകയും ചെയ്തു.

Content Highlight: Stop the war on Iran; Massive protests across America

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more