പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF)യിലേക്ക് സംഭാവനകള്‍ ഒന്നും നല്‍കിയില്ലെന്ന കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ റോജി എം. ജോണ്‍.
വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2024ല്‍ തന്നെ 50,000 രൂപ ട്രഷറി അക്കൗണ്ട് വഴി നല്‍കിയിട്ടുള്ളതാണെന്നും റോജി എം. ജോണ്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.എല്‍.എയുടെ പ്രതികരണം.
ട്രഷറി മുഖേന പണം നല്‍കിയ രസീത് ഉള്‍പ്പെടെ പങ്കുവെച്ചാണ് റോജി എം. ജോണിന്റെ പോസ്റ്റ്. പബ്ലിസിറ്റി കൊടുക്കുവാന്‍ താത്പര്യം ഇല്ലാതിരുന്നതുകൊണ്ട് ഇക്കാര്യം എവിടെയും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് രസീത് പങ്കുവെച്ചതെന്നും റോജി എം. ജോണ്‍ പറഞ്ഞു. നിലവില്‍ നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള കുപ്രചരണങ്ങളാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.
പ്രകൃതി ദുരന്തങ്ങളുടെ പേരില്‍ പോലും വില കുറഞ്ഞ രാഷ്ട്രീയ പ്രചരണങ്ങള്‍ നടത്തുന്ന ഇത്തരക്കാരോട് സഹതാപം മാത്രമാണെന്നും റോജി എം. ജോണ്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും സി.എം.ഡി.ആര്‍.എഫിലേക്ക് എത്ര രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇടത് പ്രൊഫൈലുകളില്‍ നിന്നാണ് ഈ ചോദ്യങ്ങള്‍ ഉയര്‍ന്നത്. പിന്നാലെ വിവരാവകാശ നിയമനനുസരിച്ച് ലഭിച്ച വിവരങ്ങള്‍ പലരും പങ്കുവെച്ചിരുന്നു.
അതില്‍ നിലവിലെ വയനാട് എം.പിയായ പ്രിയങ്ക ഗാന്ധിയും മുന്‍ എം.പിയായ രാഹുല്‍ ഗാന്ധിയും വടകര എം.പിയായ ഷാഫി പറമ്പിലും സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് റോജി എം. ജോണിന്റെ പ്രതികരണം.
Content Highlight: Stop the propaganda; Roji M. John with a receipt for donating money to the CMDRF