വാഷിങ്ടണ്‍: അമേരിക്കയിലുടനീളം ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഇറാന്‍ അധിനിവേശത്തിനും സ്വേച്ഛാധിപത്യ നയങ്ങള്‍ക്കുമെതിരെയാണ് ‘നോ കിങ്‌സ്’ പ്രസ്ഥാനത്തിന്റെഭാഗമായി ആളുകള്‍ തെരുവിലറങ്ങിയത്.
90 ലക്ഷത്തോളം ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലായി 3,100ലധികം കേന്ദ്രങ്ങളിലായാണ് പ്രതിഷേധ പ്രകടനം നടന്നത്.
ഇറാനെതിരായ യുദ്ധം, വര്‍ധിച്ച് വരുന്ന ഗ്യാസ് വില, ഉയരുന്ന ജീവിത ചെലവ്, നാടുകടത്തല്‍ എന്നിവയുള്‍പ്പടെ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളില്‍ പ്രതിഷേധക്കാര്‍ രോഷം പ്രകടിപ്പിച്ചു.
‘ട്രംപ് നമ്മളെ ഒരു സ്വേച്ഛാധിപതിയായി ഭരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഇത് അമേരിക്കയാണ്, അധികാരം ജനങ്ങളുടേതാണ് – രാജാക്കന്മാരാകാനോ അവരുടെ ശതകോടീശ്വരന്‍മാരായി മാറാനോ അല്ല,’ സംഘാടകര്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലും പ്രതിഷേധ പ്രകടനം അരങ്ങേറി. കൂടാതെ പ്രതിഷേധക്കാര്‍ ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെയും മറ്റ് ഭരണകൂട ഉദ്യോഗസ്ഥരുടെയും കോലം കത്തിച്ചു.
ഇത് ‘നോ കിങ്‌സ്’ പ്രസ്ഥാനം സംഘടിപ്പിക്കുന്ന മൂന്നാമത്തെ പ്രതിഷേധമായിരുന്നു.
ഒന്നാം ഘട്ടം 2025 ജൂണില്‍ മിനിയാപൊളിസിലെ വെടിവെപ്പിനെ തുടര്‍ന്നാണ് ആരംഭിച്ചത്. ഏകദേശം 50 ലക്ഷത്തോളം പേരാണ് അന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.
രണ്ടാം ഘട്ടം ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെയായിരുന്നു. 2025 ഒക്ടോബറിലാണ് ഇത് നടന്നത്.
എന്നാല്‍ ട്രംപ് ഭരണകൂടം പ്രതിഷേധങ്ങളെ തളളികളയുകയാണ് ചെയ്തത്.
പക്ഷേ സുരക്ഷാ ഏജന്റുമാരുടെ നടപടികളെക്കുറിച്ച് അന്വേഷണം നടത്താന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതരായിരുന്നു.
അമേരിക്കയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായാണ് നോ കിങ്‌സ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപിച്ചതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത് ട്രംപ് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
Content Highlight: Stop the Iran War; ‘No Kings’ protests against Trump in America; 9 million people take to the streets