| Friday, 28th August 2026, 8:18 pm

സാധാരണ നികുതിദായകരുടെ ചെലവില്‍ കോര്‍പറേറ്റുകളെ സഹായിക്കരുത്; സുഭാഷ് ചന്ദ്രക്കുള്ള ഇളവ് ഭരണകക്ഷിയുടെ പ്രതിഫലം: സി.പി.ഐ.എം

റെന്വര്‍ പി

ന്യൂദല്‍ഹി: സീ ഗ്രൂപ്പ് ചെയര്‍മാനും മുന്‍ എം.പിയുമായ സുഭാഷ് ചന്ദ്രയുടെ 22,006.57 കോടി രൂപയുടെ വായ്പാ തിരിച്ചടവ് തുക 6.5 കോടിയായി കുറച്ച നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍.സി.എല്‍.ടി) നടപടിയെ വിമര്‍ശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. 6.5 കോടി രൂപയുടെ തിരിച്ചടവ് പദ്ധതി എന്‍.സി.എല്‍.ടി അംഗീകരിച്ചത് ന്യായമായ നീതിയുടെ തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ബി.ജെ.പിയുമായും സംഘപരിവാറുമായുമുള്ള അടുത്ത ബന്ധത്തിന് പേരുകേട്ടയാളാണ് സുഭാഷ് ചന്ദ്രയെന്നും സി.പി.ഐ.എം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ട്രൈബ്യൂണലിന്റെ വര്‍ഗപരമായ പക്ഷപാതത്തിന്റെ വ്യക്തമായ പ്രകടനമാണ് ഈ ഉത്തരവ്. കൂടാതെ പക്ഷപാതത്തിനെതിരായ നിയമത്തിന്റെ ജുഡീഷ്യല്‍ തത്വത്തെ ഇത് ലംഘിക്കുന്നുവെന്നും പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.

ഭരണകക്ഷിക്ക് നല്‍കുന്ന സേവനങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടാണ് ഇത്തരം ഇളവുകളെ തോന്നുന്നതെന്നും പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. എന്‍.സി.എല്‍.ടി ഉത്തരവ് പിന്‍വലിക്കണമെന്നും സാധാരണ നികുതിദായകരുടെ ചെലവില്‍ മനപൂര്‍വ്വം വീഴ്ച വരുത്തുന്നവരെ സഹായിക്കുന്ന നയം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം വായ്പാദാതാക്കള്‍ക്ക് 99.97 ശതമാനം നഷ്ടം സംഭവിക്കും. 1,322.39 കോടി രൂപ ആവശ്യപ്പെടുന്ന എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സിന്റെ ഒത്തുതീര്‍പ്പ് വെറും 0.028 ശതമാനം അല്ലെങ്കില്‍ 38 ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നതെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ കടക്കെണിയിലായ ആയിരക്കണക്കിന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സ്ത്രീകളും ദിവസ വേതന തൊഴിലാളികളും വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ചെറിയ തുകകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുമ്പോള്‍ അവര്‍ക്ക് ഭീഷണികളും അപമാനവും നേരിടേണ്ടി വരുന്നു. അവര്‍ക്ക് കുടിയൊഴിപ്പിക്കല്‍ വേരിടേണ്ടി വരുന്നു.

സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് കൂട്ടാളികളുടെ ആയിരക്കണക്കിന് കോടി രൂപ എഴുതിത്തള്ളുമ്പോള്‍, കര്‍ഷകര്‍ക്കുള്ള വായ്പ എഴുതിത്തള്ളുന്നതിനെ സര്‍ക്കാര്‍ പലപ്പോഴും അംഗീകരിക്കുന്നില്ലെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

പൊതുജനങ്ങളുടെ പണം വന്‍തോതില്‍ തട്ടിയെടുക്കാന്‍ വന്‍കിട കോര്‍പ്പറേഷനുകളെ അനുവദിക്കുന്ന ഒരു സ്ഥിരം രീതിയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളില്‍ കാണുന്നത്. അത് അതീവ ആശങ്കാജനകമാണ്. മനപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് അപ്രതീക്ഷിത ലാഭം നേടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നു. ഇത് അവരെ വന്‍തോതില്‍ വായ്പയെടുക്കാന്‍ അനുവദിക്കുന്നു. അങ്ങനെ വായ്പയെടുത്തവര്‍ക്ക് എന്‍.സി.എല്‍.ടി ഇപ്പോള്‍ ചെയ്തത് പോലെ വലിയ കിഴിവുകള്‍ നല്‍കുന്നുവെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

നികുതിദായകരുടെയും ചെറുകിട നിക്ഷേപകരുടെയും ചെലവില്‍ വന്‍കിട കോര്‍പറേറ്റുകളോട് ഉദാര സമീപനം സ്വീകരിക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. വന്‍കിട കോര്‍പ്പറേഷനുകളുടെ മനപൂര്‍വ്വമായ വീഴ്ചയ്ക്ക് സാധാരണ നികുതിദായകര്‍ എന്തിന് പണം നല്‍കണം? രാഷ്ട്രീയമായി സ്വാധീനമുള്ള ചങ്ങാത്ത മുതലാളിമാര്‍ക്ക് വന്‍തോതില്‍ വായ്പ നല്‍കുകയും പിന്നീട് ഇളവ് നല്‍കുകയും ചെയ്യുകയാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

Content Highlight: Stop Rewarding Wilful Defaulters at the Expense of Ordinary Taxpayers- CPIM

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more