| Monday, 5th January 2026, 2:19 pm

മിസ്റ്റര്‍ ട്രംപ്‌ എന്നെ അപകീര്‍ത്തിപ്പെടുത്തുന്നത് നിര്‍ത്തൂ ; ട്രംപിനെതിരെ ആഞ്ഞടിച്ച് പെട്രോ

നിഷാന. വി.വി

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ.

വെനസ്വേലെയ്ക്ക് സമാനമായ സൈനിക നടപടി കൊളംബിയയ്ക്ക് നേരേയും ഉണ്ടാവുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു പെട്രോയുടെ പ്രതികരണം.

‘സായുധ പോരാട്ടത്തില്‍ നിന്നും പിന്നീട് കൊളംബിയന്‍ ജനതയുടെ സമാധാന പോരാട്ടത്തില്‍ നിന്നും ഉയര്‍ന്ന് വന്ന ഒരു ലാറ്റിന്‍ അമേരിക്കന്‍ പ്രസിഡന്റിനെ നിങ്ങള്‍ ഭീഷണിപ്പെടുത്തേണ്ടത് ഇങ്ങനെയല്ല,’ പെട്രോ പരിഹസിച്ചു.

വെനസ്വേലയ്ക്ക് നേരെയുള്ള ട്രംപിന്റെ നടപടിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വാഷിങ്ടണ്‍ മഡൂറോയെ നിയമപരമായ അടിസ്ഥാനമില്ലാതെ തട്ടികൊണ്ട് പോവുകയായിരുന്നുവെന്നും പെട്രോ പറഞ്ഞു. ലാറ്റിനമേരിക്കയുടെ പരമാധികാരത്തിന് നേരെയുള്ള കടന്ന് കയറ്റമാണിതെന്നും നടപടിയെ അപലപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

കൊളംബിയയ്‌ക്കെതിരായ ട്രംപിന്റെ പ്രസാതാവനയെ ‘അസ്വീകാര്യമായ ഇടപെടല്‍ എന്നാണ് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. അല്പം ബഹുമാനം കാണിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കൊളംബിയയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു.

ഗുസ്താവോ പെട്രോയുടെ കൊളംബിയന്‍ സര്‍ക്കാര്‍ അമേരിക്കയിലേക്ക് കൊക്കയ്ന്‍ കയറ്റുമതി ചെയ്യുന്നുവെന്നും ട്രംപ് ആരോപിച്ചു.

‘കൊളംബിയ വളരെ രോഗാതുരമാണ്, കൊക്കെയ്ന്‍ ഉണ്ടാക്കി വില്‍ക്കുന്ന രോഗിയാണ് ആ രാജ്യം ഭരിക്കുന്നത്. അയാള്‍ അത് അധിക കാലം ചെയ്യാന്‍ പോവുന്നില്ല,’ ട്രംപ് പറഞ്ഞു.

കോളംബിയയെ ആക്രമിക്കുകയെന്നത് നല്ല ആശയമാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കി. കൊളംബിയന്‍ പ്രസിഡന്റ് കൊക്കെയ്ന്‍ നിര്‍മ്മിക്കുന്നുവെന്ന് നേരത്തെയും ട്രംപ് ആരോപിച്ചിരുന്നു.

വെനസ്വേലന്‍ പ്രസിഡന്റ് മറൂഡോയെയും പങ്കാളിയേയും മയക്കുമരുന്ന് കടത്തല്‍ ആരോപിച്ച് ബന്ദികളാക്കിയ നടപടിക്ക് പിന്നാലെയായിരുന്നു കൊളംബിയയ്‌ക്കെതിരായ ട്രംപിന്റെ പ്രസ്താവന.

കൊളംബിയയ്ക്ക് പുറമെ മെക്‌സിക്കോ, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും ട്രംപ് രംഗത്തെത്തിയിരുന്നു.

Content Highlight: Stop insulting me, sir: Colombian president lashes out at Trump

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more