ഭട്കല്‍: കര്‍ണാടകയിലെ ഭട്കലില്‍ ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ മസ്ജിദിനും മദ്രസയ്ക്കും നേരെ കല്ലേറ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ബുധനാഴ്ച രാത്രി ഗുല്‍മി റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ വിഗ്രഹ നിമജ്ജന ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഭവം.
താലാണ്ടില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ഗുല്‍മി റെയില്‍വേ ഓവര്‍ബ്രിഡ്ജ് കടന്ന് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് നീങ്ങുന്നതിനിടയില്‍ അജ്ഞാതര്‍ മസ്ജിദിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഇസ്മായില്‍ സുന്നി ജാമിയ മസ്ജിദിനും അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താജുസ് അറബിക് മദ്രസയ്ക്കും നേരെയാണ് അക്രമമുണ്ടായത്. കല്ലേറില്‍ കെട്ടിടത്തിന്റെ രണ്ട് ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ പ്രദേശവാസിയായ അബ്ദുള്‍ ആലിം, ഷാഹുല്‍ അമീന്‍ ഗവായ് എന്നിവരുടെ പരാതിയില്‍ ഭട്കല്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അക്രമത്തില്‍ പ്രതിഷേധിച്ച് നിരവധി പ്രദേശവാസികള്‍ ഭട്കല്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഉത്തര കന്നഡ ജില്ലാ പൊലീസ് സൂപ്രണ്ട് ദീപന്‍ എം.എന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
‘സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായും’ എസ്.പി വ്യക്തമാക്കി. പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു.
മുന്‍കരുതല്‍ നടപടിയായി ഭട്കലില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlight: Stone-pelting during Ganpati idol immersion procession in Karnataka; mosque and madrasa damaged; alert issued for the area.