| Tuesday, 1st March 2022, 1:29 pm

ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്, ചോദിച്ചു പോകുന്നതാണ്, അതൊരു കുറവായിട്ട് തോന്നിയിട്ടില്ല: മമ്മൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപര്‍വത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വലിയൊരു ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന മമ്മൂട്ടി ചിത്രത്തെ ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിശേഷങ്ങള്‍ മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമയെ കുറിച്ചും മേക്കോവറിനെ കുറിച്ചുമെല്ലാം പറഞ്ഞ മമ്മൂട്ടി ഇപ്പോഴും സിനിമയില്‍ താന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്ന കാര്യവും പങ്കുവെച്ചിരുന്നു.

ഇത്രയും വലിയ നടനായിട്ടും എന്തുകൊണ്ട് ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മമ്മൂട്ടി. മൂവീമാന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തെ കുറിച്ച് താരം മനസുതുറന്നത്.

എന്തുകൊണ്ടാണ് ഇപ്പോഴും ചാന്‍സ് ചോദിക്കുന്നത് എന്ന ചോദ്യത്തിന് ചാന്‍സ് ചോദിക്കാതെ ആരെങ്കിലും തരുമോ എന്നായിരുന്നു മമ്മൂക്കയുടെ ആദ്യ മറുപടി.

ഏതെങ്കിലും സംവിധായകരെ കാണുമ്പോള്‍ അല്ലെങ്കില്‍ എഴുത്തുകാരെ കാണുമ്പോള്‍ നമുക്ക് ഒരു സിനിമ ചെയ്യണ്ടേ എന്ന് താന്‍ ചോദിക്കാറുണ്ടെന്നും അത് ചാന്‍സ് ചോദിക്കല്‍ തന്നെയാണെന്നും മമ്മൂക്ക പറയുന്നു.

യഥാര്‍ത്ഥത്തില്‍ അത്ര അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍. സിനിമയോട് എനിക്ക് അത്രയ്ക്ക് ഭ്രമമാണ്. അതുകൊണ്ട് ചാന്‍സ് ചോദിച്ചുപോകുന്നതാണ്. അതൊരു കുറവായിട്ട് എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല. ചോദിക്കാതെ ഒന്നും കിട്ടില്ല, മമ്മൂട്ടി പറഞ്ഞു.

ബിലാല്‍ പോലൊരു സിനിമയല്ല ഭീഷ്മയെന്നും മൈക്കിള്‍ മൈക്കിളാണെന്നും ബിലാലുമായി മൈക്കിളിന് ബന്ധമില്ലെന്നും താരം പറഞ്ഞു. 1986 ലാണ് ഈ കഥ നടക്കുന്നുണ്ട്. ബിലാലിന്റെ കാലമല്ല അത്. രണ്ടും രണ്ട് കഥയാണ്, മമ്മൂട്ടി പറഞ്ഞു.

താങ്കളുടെ മേക്ക് ഓവര്‍ ആണ് ഭീഷ്മയിലേക്ക് ആളുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതെന്നും ആ മേക്ക് ഓവറിന് പിന്നില്‍ എന്താണെന്നുമുള്ള ചോദ്യത്തിന് അത് യഥാര്‍ത്ഥത്തില്‍ മേക്ക് ഓവര്‍ അല്ലെന്നും മേഡ് ഓവര്‍ ആണെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.

‘യഥാര്‍ത്ഥത്തില്‍ അത് അങ്ങനെ ആയതാണ്. കൊവിഡും ലോക്ക്ഡൗണുമായി പുറത്തിറങ്ങാന്‍ വേറെ വഴിയൊന്നും ഇല്ലാതായി. 275 ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ആ സമയത്ത് നീളത്തിലുള്ള താടി വന്നു. അപ്പോഴാണ് ഈ കഥയുടെ ഡിസ്‌കഷനും കാര്യങ്ങളും നടക്കുന്നത്.

ആദ്യം ഞങ്ങള്‍ ബിലാല്‍ തന്നെയാണ് ആലോചിച്ചത്. പിന്നെ ബിലാലിന്റെ താടി വളര്‍ന്നു. എന്നാല്‍ പിന്നെ ബിലാല്‍ താടി വെച്ച് വരാമെന്ന് വിചാരിച്ചു. അല്ലെങ്കില്‍ വേണ്ട ബിലാല്‍ താടിക്കാരന്‍ അല്ലല്ലോ എന്ന് അപ്പോള്‍ തോന്നി. മാത്രമല്ല ഷൂട്ടിങ് ഇവിടെ ഒതുങ്ങുകയുമില്ല. പുറത്തേക്കൊക്കെ പോകേണ്ടി വരും. അതുകൊണ്ട് ഇവിടെ തന്നെ തീര്‍ക്കാന്‍ പറ്റുന്ന ഒരു സിനിമയായിട്ടാണ് ആലോചിച്ചത്. എന്നാല്‍ എഴുതി വന്നപ്പോഴേക്കും ഇതും വലിയ സിനിമയായി. അങ്ങനെയൊക്കെയാണ് കഥാപാത്രത്തിന് ഈ രൂപമാവുന്നത്, മമ്മൂട്ടി പറഞ്ഞു.

കുടുംബകഥയല്ല കുടുംബങ്ങളുടെ കഥയാണ് ഭീഷ്മ പര്‍വമെന്നും മമ്മൂട്ടി പറഞ്ഞു. എല്ലാ കഥാപാത്രങ്ങള്‍ക്കും വേരുകളുണ്ട്. അമല്‍ നീരദിന്റെ കയ്യില്‍ പുതുതായി എന്തെങ്കിലും പറയുവാനുണ്ടാകും. എന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിക്കാനും ഉണ്ടാകും.

15 വര്‍ഷം കഴിഞ്ഞ് വരുമ്പോള്‍ എല്ലാ അപ്ഗ്രേഡേഷനുമുണ്ടാകും. എല്ലാത്തരത്തിലുമുള്ള പുതുക്കലുകളുമുണ്ട്. സിനിമ മാറി. പ്രേക്ഷകര്‍ മാറി, ഡിജിറ്റല്‍ യുഗമായി, ഈ കാലത്തിന്റെ മാറ്റങ്ങളുമൊക്കെ സിനിമയിലുമുണ്ടാകും താരം പറഞ്ഞു.

Content Highlight: Still I Ask For a Chance says Mammootty

Latest Stories

We use cookies to give you the best possible experience. Learn more