| Friday, 31st May 2013, 3:26 pm

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശന തട്ടിപ്പ്: പ്രതിഷേധത്തിനിടെ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്:  സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശന പരീക്ഷയിടത്ത് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.

മുന്‍കൂട്ടി പണം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റുകള്‍ പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കി പരീശീലിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പ്രതിഷേധ മാര്‍ച്ച്.[]

വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. രാവിലെ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പിന്നീട് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവര്‍ത്തകരും ചേരുകയായിരുന്നു.

കോഴിക്കോട് എം.ഇ.എസ്.രാജ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന പ്രവേശന പരീക്ഷയ്‌ക്കെതിരെയാണ് മാര്‍ച്ച് നടന്നത്. എസ്.ഐ.ഒ പ്രവര്‍ത്തകരും പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

316 സീറ്റിലേക്ക് 1600 വിദ്യാര്‍ഥികളാണ് എം.ഇ.എസില്‍ പരീക്ഷയെഴുതുന്നത്. പ്രവേശനം ഉറപ്പാക്കാന്‍ വന്‍തുക മാനേജ്‌മെന്റുകള്‍ക്ക് കോഴ നല്‍കിയിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതിഷേധം നടന്നത്.

ഇതുസംബന്ധിച്ച വാര്‍ത്ത ഇന്നലെതന്നെ പുറത്ത് വന്നിരുന്നു. മുന്‍കൂറായി പണം നല്‍കി സീറ്റുകള്‍ ഉറപ്പിച്ച കുട്ടികള്‍ക്ക് മാനേജ്‌മെന്റ് കോഴിക്കോട് അത്തോളിയിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ പരിശീലനം നല്‍കിയതായ വാര്‍ത്ത ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

നേരത്തേ പരിശീലനം നല്‍കിയിരുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റി നിയമിച്ച രണ്ട് കമ്മിറ്റി അംഗങ്ങളുടെ മേല്‍ നോട്ടത്തിലാണ് ഇന്ന് പരീക്ഷ നടത്തുന്നത്.

എസ്.എഫ്.ഐ പ്രവര്‍ത്തകരും സി.പി.ഐ.എം പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്. എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി.

We use cookies to give you the best possible experience. Learn more