| Wednesday, 6th August 2025, 10:50 pm

പുഷ്പയ്ക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ ശ്രീക്കുട്ടന് സാധിച്ചില്ല; സംസാരമാകുമെന്ന് ഉറപ്പുണ്ടായിരുന്നു: വിനേഷ് വിശ്വനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിദ്യാലയങ്ങളില്‍ വലിയൊരു മാറ്റത്തിന് തുടക്കമിട്ട സിനിമയായിരുന്നു ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും ഒ.ടി.ടിയില്‍ എത്തിയ ശേഷം സിനിമ ചര്‍ച്ചയായി. കേരളവും കടന്ന് അന്യസംസ്ഥാനം വരെ ആ സിനിമയും പശ്ചാത്തലവും ചര്‍ച്ചയായി. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിനേഷ് വിശ്വനാഥ്.

ചിത്രം റിലീസായപ്പോള്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്നും എന്നാല്‍ ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ സ്വീകര്യത ലഭിച്ചെന്നും അദ്ദേഹം പറയുന്നു.

‘തിയേറ്ററില്‍ ചിത്രം റിലീസായ സമയത്ത് പ്രതീക്ഷിച്ച വിജയം ലഭിച്ചിരുന്നില്ല. പക്ഷേ, ചിത്രം കണ്ടവര്‍ നല്ല അഭിപ്രായം പറഞ്ഞിരുന്നു. അതൊരു പ്രതീക്ഷയായിരുന്നു. ഞങ്ങളുടെ ചിത്രമിറങ്ങിയ സമയത്താണ് പുഷ്പ 2 റിലീസാകുന്നത്. പുഷ്പയ്ക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ ഞങ്ങളുടെ ഈ കൊച്ച് ചിത്രത്തിന് സാധിച്ചില്ല. ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനി പരമാവധി ശ്രമിച്ചു. ചില തിയേറ്ററുകളില്‍ രണ്ടാഴ്ച്ചത്തോളം ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് വൈകിയത് മനസിനെ വേദനിപ്പിച്ചിരുന്നു,’ വിനേഷ് വിശ്വനാഥ് പറയുന്നു.

ചെറിയൊരു ചിത്രം തിയേറ്ററില്‍ കാണണോ എന്ന ചിന്തിക്കാതെ ആദ്യം എത്തിയ പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ടെന്നും കണ്ടവരൊക്കെ സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പങ്കുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കാണാന്‍ എത്തിയ പ്രേക്ഷകരാണ് തങ്ങളെ ആദ്യം വിശ്വസിച്ചതെന്നും തിയേറ്ററില്‍നിന്ന് മാറിയതിനുശേഷം ഒ.ടി.ടിയില്‍ എത്തിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. ആദ്യത്തെ ആറ് മാസത്തോളം അലഞ്ഞുവെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു.

‘ചെറിയ പടം, വലിയ താരങ്ങളില്ല എന്നൊക്കെയുള്ള കമന്റുകള്‍ കേട്ടിരുന്നു. ആ സമയത്ത്, അടുത്ത ചിത്രവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ ഹൗസുകളെ സമീപിക്കുമ്പോള്‍ നമ്മളെ അറിയാത്ത അവസ്ഥയുണ്ടായിരുന്നു,’ വിനേഷ് പറഞ്ഞു.

എന്നാലിപ്പോള്‍ അവിടെ നിന്ന് ഒരുപാട് ദൂരം മുന്നോട്ടുവന്നുവെന്നും ഇനിയുള്ള അടുത്ത ചിത്രങ്ങള്‍ക്ക് ഉത്തരവാദിത്വം കൂടുതലാണെന്നും പറഞ്ഞ വിനേഷ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളില്‍ ഒരുപാട് സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഒ.ടി.ടിയില്‍ എത്തുമ്പോള്‍ ഈ ചിത്രം സംസാര വിഷയമാകുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ലെന്നും വിനേഷ് വിശ്വനാഥ് പറഞ്ഞു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴാം ക്ലാസില്‍ പഠിക്കുന്ന ശ്രീക്കുട്ടന്‍ എന്ന വിദ്യാര്‍ത്ഥി സ്വന്തം അധ്യാപകനില്‍ നിന്നും നേരിട്ട അവഗണനയും അമര്‍ഷവുമാണ് സിനിമയുടെ പശ്ചാത്തലം. ബാക്ക് ബെഞ്ച് എന്ന സങ്കല്‍പ്പത്തെ മാറ്റിമറിച്ചുകൊണ്ട് ക്ലൈമാക്‌സില്‍ സമത്വത്തിനായി നടപ്പിലാക്കിയ സീറ്റിങ് അറേജ്‌മെന്‍സ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അര്‍ധ വൃത്താകൃതിയില്‍ സീറ്റിട്ട് അധ്യാപകന്‍ നടുക്ക് നില്‍ക്കുന്ന രീതിയിലുള്ള ക്ലാസ് റൂം ആണ് സിനിമയില്‍ കാണിക്കുന്നത്.

ഇത് കേരളത്തിന് പുറമെ തമിഴ്‌നാട്, ബംഗാള്‍, ഹൈദരാബാദ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ മാറ്റം വരുത്തിയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിനേഷ് പറഞ്ഞിരുന്നു.

Content Highlight: Sthanarthi Sreekuttan couldn’t keep up with Pushpa 2 Cinema Says Vinesh Viswanath

We use cookies to give you the best possible experience. Learn more