ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ദി ഗാബയില്‍ തുടരുകയാണ്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 325 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്.
സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തുന്നത്. 202 പന്ത് നേരിട്ട താരം 135 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലീഷ് ഇതിഹാസത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇതോടെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തന്റെ സെഞ്ച്വറി നേട്ടം 40 ആക്കി ഉയര്‍ത്താനും റൂട്ടിന് സാധിച്ചു.
ജോ റൂട്ട് ചരിത്രമെഴുതിയ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഒരു നേട്ടം തന്റെ പേരില്‍ കുറിച്ചിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം ക്യാച്ച് സ്വന്തമാക്കുന്ന ഫീല്‍ഡറെന്ന നേട്ടമാണ് സ്മിത് സ്വന്തമാക്കിയത്. ഗ്രെഗ് ചാപ്പലിനെ മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.
മത്സരത്തിന്റെ ആദ്യ ദിനം രണ്ട് ക്യാച്ചുകള്‍ സ്മഡ്ജ് കൈപ്പിടിയിലൊതുക്കിയിരുന്നു. അപകടകാരിയായ ഹാരി ബ്രൂക്കിനെയും വില്‍ ജാക്‌സിനെയുമാണ് സ്മിത് ക്യാച്ചെടുത്ത് മടക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഈ രണ്ട് ക്യാച്ചിനും വഴിയൊരുക്കിയത്.
(താരം – ടീം – എതിരാളികള്‍ – ക്യാച്ച് എന്നീ ക്രമത്തില്‍)
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 62*
ഗ്രെഗ് ചാപ്പല്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 61
അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 57
ഇയാന്‍ ബോഥം – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – 57
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – ഓസ്‌ട്രേലിയ – 47
ഇതിനൊപ്പം തന്നെ ആഷസില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന ഫീല്‍ഡറെന്ന നേട്ടവും സ്മിത് തന്റെ പേരിലാക്കി.
സ്റ്റീവ് സ്മിത്. Photo: Cricket.com/x.com
(താരം – ടീം – എതിരാളികള്‍ – ക്യാച്ച് എന്നീ ക്രമത്തില്‍)
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 62*
ഗ്രെഗ് ചാപ്പല്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 61
ഇയാന്‍ ബോഥം – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – 57
അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 57
മാര്‍ക് ടെയ്‌ലര്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 46
ഹ്യൂഗ് ട്രംബിള്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 45
മത്സരത്തിന്റെ ആദ്യ ദിവസം റൂട്ടിലൂടെ ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോള്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ഓസ്‌ട്രേലിയയുടെ ആക്രമണത്തില്‍ കരുത്തായത്. ആറ് വിക്കറ്റുകളാണ് സ്റ്റാര്‍ക് വീഴ്ത്തിയത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇംഗ്ലണ്ടിന് തിരിച്ചുവരാനുള്ള അവസരമാണ് പിങ്ക് ബോള്‍ ടെസ്റ്റ്.
Content Highlight: Steve Smith tops the list of most catches by a fielder against an opponent in Test