| Sunday, 2nd February 2025, 5:17 pm

ഓസ്‌ട്രേലിയയ്ക്കായി വെറും ഒറ്റ ടെസ്റ്റ് കളിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം; വ്യക്തമാക്കി സ്മിത്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. വോണ്‍ – മുരളീധരന്‍ ട്രോഫിയ്ക്കായുള്ള പരമ്പരയില്‍ ഇന്നിങ്‌സിനും 242 റണ്‍സിനുമാണ് ഓസ്‌ട്രേലിയ ലങ്കയെ തകര്‍ത്തുവിട്ടത്.

സ്‌കോര്‍

ഓസ്‌ട്രേലിയ: 654/6d

ശ്രീലങ്ക: 165 & 247

ശ്രീലങ്കയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണിത്.

ഉസ്മാന്‍ ഖവാജയുടെ ഇരട്ട സെഞ്ച്വറിയുടെയും സ്റ്റീവ് സ്മിത്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ സെഞ്ച്വറിയുടെയും കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോറിലെത്തിയത്.

ഏറെ നാളുകള്‍ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ മാത്യു കുന്‍മാനാണ് ആതിഥേയരെ തകര്‍ത്തത്. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഒമ്പത് വിക്കറ്റാണ് താരം നേടിയത്.

പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്തിന് കീഴിലാണ് ഓസ്‌ട്രേലിയ മത്സരത്തിനിറങ്ങിയത്. കരിയറിലെ 35ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം മത്സരത്തില്‍ 10,000 ടെസ്റ്റ് റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു.

ഇപ്പോള്‍ തന്റെ കരിയറിലെ സുപ്രധാന നേട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് സ്മിത്.

ഓസ്‌ട്രേലിയയ്ക്കായി ഒരു ടെസ്റ്റ് കളിക്കുക എന്നതായിരുന്നു തന്റെ സ്വപ്‌നമെന്നും എന്നാലിപ്പോള്‍ നൂറിലധികം ടെസ്റ്റ് കളിക്കുകയും പതിനായിരത്തിലധികം റണ്‍സ് നേടിയെന്നും താരം പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് സ്വപ്‌ന സാക്ഷാത്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരശേഷം സംസാരിക്കവെയാണ് സ്മിത് ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഇത്രത്തോളം റണ്‍സ് സ്വന്തമാക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഓസ്‌ട്രേലിയയ്ക്കായി ഒരു ടെസ്റ്റ് മത്സരം കളിക്കുക എന്നത് എന്റെ വലിയ സ്വപ്‌നമായിരുന്നു. നൂറിലേറെ മത്സരങ്ങള്‍ കളിക്കുക, പതിനായിരത്തിലധികം റണ്‍സ് നേടുക, ഇത് സ്വപ്‌നം സത്യമായതുപോലെയാണ്,’ സ്മിത് പറഞ്ഞു.

കരിയറില്‍ 115 തവണയാണ് സ്റ്റീവ് സ്മിത് ബാഗി ഗ്രീന്‍ അണിഞ്ഞ് കളത്തിലിറങ്ങിയത്. 205 ഇന്നിങ്‌സില്‍ നിന്നും 56.33 ശരാശരിയില്‍ 10,140 റണ്‍സാണ് സ്മിത് സ്വന്തമാക്കിയത്. 35 സെഞ്ച്വറിയും 41 അര്‍ധ സെഞ്ച്വറിയുമാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സ്മിത്തിന്റെ സമ്പാദ്യം.

അതേസമയം, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ അവസാന മത്സരത്തിനാണ് ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നത്. ഫെബ്രുവരി ആറിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗല്ലെ അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

Content Highlight: Steve Smith talking about historic achievement

We use cookies to give you the best possible experience. Learn more