| Tuesday, 10th June 2025, 7:40 am

ചില സമയങ്ങളിലെ സങ്കീര്‍ണതകള്‍ എനിക്കിഷ്ടമാണ്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെക്കുറിച്ച് സ്റ്റീവ് സ്മിത്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ കലാശപ്പോരാട്ടം ജൂണ്‍ 11ന് നടക്കാനിരിക്കുകയാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെയാണ് നേരിടുന്നത്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ ജൂണ്‍ 11 മുതല്‍ 15 വരെയാണ് ഡബ്ല്യു.ടി.സി ഫൈനല്‍ അരങ്ങേറുന്നത്.

തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടര പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിടാനാണ് പ്രോട്ടിയാസ് ഒരുങ്ങുന്നത്.

ഇപ്പോള്‍ ഫൈനലിനെക്കുറിച്ച് സംസാരിക്കുകയാണ് ഓസീസിന്റെ ബാറ്റര്‍ സ്റ്റീവ് സ്മിത്. ലോഡ്‌സില്‍ കളിക്കുന്നതിന്റെ ആകാംക്ഷയിലാണ് താരം. കാലാവസ്ഥയനുസരിച്ച് ലോഡ്‌സില്‍ ബൗളര്‍മാര്‍ക്കും ബാറ്റര്‍മാര്‍ക്കും രസകരമായ ഒരു ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുമെന്നാണ് സ്മിത് പറഞ്ഞത്. മാത്രമല്ല ചില സമയത്ത് സങ്കീര്‍ണതകള്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും സ്റ്റാര്‍ ബാറ്റര്‍ കൂട്ടിച്ചേര്‍ത്തു.

‘ലോര്‍ഡ്‌സില്‍ കളിക്കുന്നത് വളരെ വ്യത്യസ്തമാണ്, ബൗളര്‍മാര്‍ക്ക് എപ്പോഴും എന്തെങ്കിലും സംഭവിക്കും, പ്രത്യേകിച്ച് മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍. പിന്നെ മേഘങ്ങള്‍ പുറത്തുവരുമ്പോള്‍ ബാറ്റ് ചെയ്യുന്നത് ശരിക്കും സന്തോഷകരമായിരിക്കും.

അതുകൊണ്ടുതന്നെ ഇംഗ്ലണ്ടില്‍ കളിക്കുന്നത് വളരെ രസകരമായിരിക്കും. ചില സമയങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളുടെ സങ്കീര്‍ണ്ണതകള്‍ എനിക്കിഷ്ടമാണ്. കാര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കണോ അതോ കുറച്ചുകൂടി ആക്രമണാത്മകമാകണോ എന്നത് ശ്രദ്ധിക്കാതെ തന്നെ നമ്മള്‍ കളിക്കും. ഇത് ഒരു രസകരമായ ആഴ്ചയായിരിക്കണം,’ സ്മിത് പറഞ്ഞു.

2010ല്‍ ഓസീസിന് വേണ്ടി അരങ്ങേറ്റം നടത്തിയ സ്മിത് നിലവില്‍ 116 ടെസ്റ്റ് മത്സരങ്ങളില്‍ 206 ഇന്നിങ്‌സില്‍ നിന്ന് സ്മിത് 10271 റണ്‍സാണ് നേടിയത്. 239 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പടെ 56.7 എന്ന ആവറേജിലും 53.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ പ്രകടനം. 36 സെഞ്ച്വറികളാണ് സ്മിത് റെഡ്‌ബോളില്‍ നേടിയത്. 41 അര്‍ധ സെഞ്ച്വറിയും സ്മിത്തിനുണ്ട്.

ഓസ്ട്രേലിയ

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്

സൗത്ത് ആഫ്രിക്ക

തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്‌സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെരായ്‌നെ.

Content Highlight: Steve Smith Talking About 2023-25 World Test Championship Final

We use cookies to give you the best possible experience. Learn more