| Saturday, 27th December 2025, 10:15 am

അതിരുകളില്ലാതെ സ്മിത്... സാക്ഷാല്‍ ബോര്‍ഡറിനെയും മറികടന്ന് ചരിത്ര നേട്ടം

ആദര്‍ശ് എം.കെ.

ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം അലന്‍ ബോര്‍ഡറിനെ മറികടന്ന് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്. ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ബോക്‌സിങ് ഡേ ടെസ്റ്റിലാണ് സ്മിത് റണ്‍വേട്ടയില്‍ ബോര്‍ഡറിനെ മറികടന്നത്.

മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെയാണ് സ്മിത്തിന്റെ നേട്ടം. ഇന്നിങ്‌സില്‍ പുറത്താകാതെ 24 റണ്‍സാണ് സ്മിത് നേടിയത്.

സ്റ്റീവ് സ്മിത്

72 ഇന്നിങ്‌സില്‍ നിന്നും 55.51 ശരാശരിയില്‍ 3,553 റണ്‍സാണ് സ്മിത്തിന്റെ പേരിലുള്ളത്. 12 സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയുമാണ് ചിരവൈരികള്‍ക്കെതിരെ മോഡേണ്‍ ഡേ ലെജന്‍ഡിന്റെ സമ്പാദ്യം.

ഇംഗ്ലണ്ടിനെതിരെ 82 ഇന്നിങ്‌സില്‍ ബാറ്റെടുത്ത അലന്‍ ബോര്‍ഡര്‍ 56.31 ശരാശരിയില്‍ 3548 റണ്‍സ് നേടിയിട്ടുണ്ട്. എട്ട് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിനെതിരെ ബോര്‍ഡറിന്റെ പേരിലുള്ളത്.

63 ഇന്നിങ്‌സില്‍ നിന്നും 5,028 റണ്‍സ് നേടിയ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍. ആഷസ് ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരവും ബ്രാഡ്മാന്‍ തന്നെയാണ്.

സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍. Photo: Wikipedia

ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ താരം

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ – 63 – 5,028

സ്റ്റീവ് സ്മിത് – 72 – 3,553

അലന്‍ ബോര്‍ഡര്‍ – 82 – 3,548

സ്റ്റീവ് വോ – 72 – 3,173

ക്ലെം ഹില്‍ – 76 – 2,660

അതേസമയം, ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആതിഥേയര്‍ പതറുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 152 റണ്‍സിന് പുറത്തായ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ 132നും ഓള്‍ ഔട്ടായി. ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ഓസ്‌ട്രേലിയ 175 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുമ്പില്‍ വെച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ വെറും മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടന്നത്. 46 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍.

നാല് വിക്കറ്റ് വീഴ്ത്തിയ ബ്രൈഡന്‍ കാര്‍സും മൂന്ന് വിക്കറ്റെടുത്ത ബെന്‍ സ്‌റ്റോക്‌സുമാണ് കങ്കാരുക്കളെ എറിഞ്ഞുവീഴ്ത്തിയത്.

175 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ 98 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിന് വിജയം നേടാം.

Content Highlight: Steve Smith surpassed Allan Border in most Test runs against England

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more