| Thursday, 23rd April 2026, 7:02 am

ഹൈദരാബാദിനെതിരെ മിന്നല്‍ സെഞ്ച്വറി; ലോകത്തിലെ ആദ്യ താരമായി സ്മിത്ത്

Sudev A

ഐ.പി.എല്‍ ആവേശത്തിനിടെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സെഞ്ച്വറി നേടി കരുത്തുകാട്ടി ഓസീസ് ഇതിഹാസം സ്റ്റീവ് സ്മിത്ത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ താരമായ സ്മിത്ത് ഹൈദരാബാദ് കിങ്സ്മാനെതിരെയാണ് സെഞ്ച്വറി നേടി തിളങ്ങിയത്.

50 പന്തില്‍ 106 റണ്‍സ് നേടിയാണ് സ്മിത്ത് തിളങ്ങിയത്. 12 ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 212 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സ്മിത്ത് 47 പന്തിലാണ് മൂന്നക്കം കടന്നത്.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ഇന്ത്യന്‍ പ്രിമീയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ് തുടങ്ങിയ മൂന്ന് പ്രധാന ഫ്രാഞ്ചൈസി ലീഗുകളില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ് സ്മിത്ത്. ബി.ബി.എല്ലില്‍ നാല് സെഞ്ച്വറികളാണ് സ്മിത്ത് നേടിയിട്ടുള്ളത്. ബിഗ് ബാഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരവും സ്മിത്ത് തന്നെയാണ്. ഐ.പി.എല്ലില്‍ ഒരു സെഞ്ച്വറിയും സ്മിത്ത് അടിച്ചെടുത്തു.

മത്സരത്തില്‍ സ്മിത്തിന് പുറമെ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന് വേണ്ടി സാഹിബ് സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 43 പന്തില്‍ 66 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സ്മിത്ത് സെഞ്ച്വറി നേടിയെങ്കിലും മുള്‍ട്ടാന്‍ മത്സരത്തില്‍ പരാജയപ്പെട്ടു.

കറാച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഉസ്മാന്‍ ഖാന്റെ സെഞ്ച്വറിയിലൂടെയായിരുന്നു ഹൈദരാബാദിന്റെ മറുപടി. 47 പന്തില്‍ അഞ്ച് ഫോറുകളും 10 സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഉസ്മാന്‍ ഖാന്റെ സെഞ്ച്വറിക്കൊപ്പം ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലബുഷാന്‍ 41 പന്തില്‍ 61 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ടൂര്‍ണമെന്റില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്. ഒമ്പത് മത്സരങ്ങളില്‍ നിന്നും ആറ് ജയവും മൂന്ന് തോല്‍വിയുമടക്കം 12 പോയിന്റാണ് മുള്‍ട്ടാന്‍സിനുള്ളത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 17 പോയിന്റ് നേടിയ പെഷവാര്‍ സാല്‍മിയാണ് ഒന്നാം സ്ഥാനത്തുള്ളത്.

Content Highlight: Steve Smith score century for Multan sulthans in PSL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more