| Thursday, 22nd October 2026, 11:28 am

സംഗക്കാര വാഴുന്ന കോട്ടയിലേക്ക് സ്മിത്തും; കങ്കാരുപ്പടയുടെ ചരിത്രത്തില്‍ ഇവന്‍ രണ്ടാമന്‍!

ശ്രീരാഗ് പാറക്കല്‍

സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം സെന്റ് ജോര്‍ജ് ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് മത്സരത്തിലെ നാലാം ദിനത്തില്‍ ഓസീസിനെ 99 റണ്‍സിന് ഓള്‍ ഔട്ട് ആക്കാന്‍ പ്രോട്ടിയാസിന് സാധിച്ചു.

നിലവില്‍ മത്സരത്തിലെ നാലാം ദിനം അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് ആണ് ഓസ്‌ട്രേലിയ ഫോളോ ഓണില്‍ നേടിയത്. കങ്കാരുപ്പടയ്ക്ക് വേണ്ടി പൊരുതുന്നത് ട്രാവിസ് ഹെഡ്ഡാണ്. 138 പന്തില്‍ നിന്ന് ഒമ്പത് ഫോറുകള്‍ ഉള്‍പ്പെടെ പുറത്താക്കാതെ 87 റണ്‍സ് നേടി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ് ഹെഡ്. ഒപ്പമുള്ള സ്‌കോട്ട് ബോളണ്ട് രണ്ട് റണ്‍സാണ് നേടിയത്.

ഓപ്പണര്‍ നിക് മാഡിസനെ എട്ട് റണ്‍സിന് പുറത്താക്കി കഗീസോ റബാദയാണ് സൗത്ത് ആഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്‌സിസിലെ ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്.

മത്സരത്തില്‍ പിന്നീട് മാര്‍നസ് ലബുഷാനെ 39 റണ്‍സില്‍ കുരുക്കി സൈമണ്‍ ഹാര്‍മറും പ്രോട്ടിയാസിന് വേണ്ടി വിക്കറ്റ് നേടി. തുടര്‍ന്ന് മാറ്റ് റെന്‍ഷോയെ 11 റണ്‍സില്‍ റബാദ ബൗള്‍ഡാക്കി. ബ്യൂ വെബ്സ്റ്ററിനെ എട്ട് റണ്‍സില്‍ മടക്കിയയക്കാന്‍ സൈമണിനും സാധിച്ചു.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി നിലവില്‍ കാഗീസോ റബാദയും സൈമണ്‍ ഹാര്‍മറും രണ്ട് വീതം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

കങ്കാരുക്കള്‍ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ കുറച്ചെങ്കിലും പൊരുതിയത് സ്റ്റീവ് സ്മിത്താണ്. 88 പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പെടെ 28 റണ്‍സാണ് താരം നേടിയത്. ഇതോടെ ടെസ്റ്റ് കരിയറില്‍ 11000 റണ്‍സ് എന്ന മാന്ത്രിക സംഖ്യയിലെത്താനും താരത്തിന് സാധിച്ചിരുന്നു. ഇതിന് പുറമെ മറ്റൊരു റെക്കോഡ് ലിസ്റ്റിലും മുന്നേറാന്‍ സ്മിത്തിന് സാധിച്ചിരിക്കുകയാണ്.

ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 11000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ താരമാകാനാണ് സ്മിത്തിന് സാധിച്ചത്. കുമാര്‍ സംഗക്കാര വാഴുന്ന ലിസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഓസീസ് താരമാണ് സ്മിത്.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 11000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങള്‍, ഇന്നിങ്‌സ് എന്ന ക്രമത്തില്‍

കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 208

ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്) – 213

റിക്കി പോണ്ടിങ് (ഓസ്ട്രേലിയ) – 222

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 223

സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ) – 226

ഓപ്പണര്‍ നിക് മാഡിസണെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ പൂജ്യത്തില്‍ കുരുക്കിയ കഗീസോ റബാദയിലൂടെയാണ് പ്രോട്ടിയാസ് വിക്കറ്റ് വേട്ട ആരംഭിച്ചത്.

അതേസമയം ആദ്യ ഇന്നിങ്‌സില്‍ പ്രോട്ടിയാസിന് വേണ്ടി അഞ്ച് വിക്കറ്റുകള്‍ നേടിയ മാര്‍ക്കോ യാന്‍സനാണ് മിന്നും ബൗളിങ് പ്രകടനം നടത്തിയത്. കഗീസോ റബാദ, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അന്റിക്ക് നോര്‍ക്യ ശേഷിച്ച വിക്കറ്റും നേടി.

സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ടെംബ ബാവുമയുടെ മിന്നും സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് ഉയര്‍ന്ന സ്‌കോറിലെത്തിയത്. 334 പന്തില്‍ നിന്ന് ഒരു സിക്സും 18 ഫോറും ഉള്‍പ്പെടെ 179 റണ്‍സാണ് താരം നേടിയത്.

Content Highlight: Steve Smith Is The Fifth Batter To Complete Fastest 11000 Test Runs

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more