സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം സെന്റ് ജോര്‍ജ് ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
നിലവില്‍ മത്സരത്തിലെ നാലാം ദിനത്തിലെ ഒന്നാം സെഷന്‍ അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ലഞ്ചിന് പിരിഞ്ഞിരിക്കുകയാണ്. 33 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്.
കങ്കാരുക്കള്‍ക്ക് വേണ്ടി ക്രീസിലുള്ളത് സ്റ്റീവ് സ്മിത്തും (26 റണ്‍സ്) ബ്യൂ വെബ്സ്റ്ററുമാണ് (0).
അഞ്ചാമനായി ഇറങ്ങിയ സ്റ്റീവ് സ്മിത്ത് 75 പന്തില്‍ നിന്ന് രണ്ട് ഫോറുകള്‍ ഉള്‍പ്പെടെയാണ് 26 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്. ബാറ്റിങ് തകര്‍ച്ചയിലും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഒരു മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സ്മിത്ത്.
ടെസ്റ്റ് ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് സ്മിത്തിന് സാധിച്ചത്. ഈ നാഴികക്കല്ല് പിന്നിടുന്ന ഒമ്പതാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് സ്മിത്ത്.
റിക്കി പോണ്ടിങ് – 2132 (48)
നെയില്‍ ഹാര്‍വെ – 1625 (23)
മൈക്കിള്‍ ക്ലാര്‍ക്ക് – 1487 (27)
മാത്യു ഹൈഡന്‍ – 1486 (36)
ഡേവിഡ് വാര്‍ണര്‍ – 1415 (27)
സ്റ്റീവ് വോ – 1147 (25)
മാര്‍ക്ക് വോ – 1135 (29)
മൈക്കള്‍ ഹസി – 1108 (31)
സ്റ്റീവ് സ്മിത്ത് – 1011* (26)
അതേസമയം ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടിയാണ് സൗത്ത് ആഫ്രിക്ക നല്‍കിയത്. ഓപ്പണര്‍ നിക് മാഡിസണെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ പൂജ്യത്തില്‍ കുരുക്കിയ കഗീസോ റബാദയിലൂടെയാണ് പ്രോട്ടിയാസ് വിക്കറ്റ് വേട്ട ആരംഭിച്ചത്.
പിന്നീട് നാലാം ദിനത്തില്‍ 14 റണ്‍സ് നേടവെ ട്രാവിസ് ഹെഡ്ഡിനെയും രണ്ട് റണ്‍സ് നേടിയ സ്‌കോട്ട് ബോളണ്ടിനെയും മാര്‍ക്കോ യാന്‍സന്‍ പുറത്താക്കി. അന്റിക്ക് നോര്‍ക്യ 14 റണ്‍സില്‍ മാര്‍നസ് ലബുഷാനേയും പുറത്താക്കിയതോടെ ഓസീസ് സമ്മര്‍ദത്തിലായി. മാറ്റ് റെന്‍ഷോ (12), അലക്‌സ് കാരി (0) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
പ്രോട്ടിയാസിന് വേണ്ടി നിലവില്‍ നാല് വിക്കറ്റുകളാണ് മാര്‍ക്കോയാന്‍സര്‍ നേടിയത്. നോര്‍ക്യ, റബാദ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ടെംബ ബാവുമയുടെ മിന്നും സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് ഉയര്‍ന്ന സ്‌കോറിലെത്തിയത്. 334 പന്തില്‍ നിന്ന് ഒരു സിക്സും 18 ഫോറും ഉള്‍പ്പെടെ 179 റണ്‍സാണ് താരം നേടിയത്.
Content highlight: Steve Smith Complete 1000 Runs In Test Cricket Against South Africa