ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ബാറ്റിങ് തുടരുകയാണ്. നിലവില്‍ ആതിഥേയര്‍ ആറിന് 378 റണ്‍സ് എടുത്തിട്ടുണ്ട്. 45 പന്തില്‍ 46 റണ്‍സെടുത്ത അലക്‌സ് കാരിയും 25 പന്തില്‍ 15 റണ്‍സ് നേടിയ മൈക്കല്‍ നെസറുമാണ് ക്രീസിലുള്ളത്.
നിലവില്‍ ഓസീസിന് ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടാന്‍ സാധിച്ചിട്ടുണ്ട്. 44 റണ്‍സിന്റെ ലീഡാണ് കങ്കാരുക്കള്‍ക്കുള്ളത്. ടീമിനെ മികച്ച രീതിയില്‍ എത്തിക്കുന്നതില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. താരം 85 പന്തില്‍ 61 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രണ്ട് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മത്സരത്തിനിടെ ബാറ്റ് ചെയ്യുന്ന സ്റ്റീവ് സ്മിത് Photo:x.com
അതോടെ ഒരു സൂപ്പര്‍ നേട്ടത്തില്‍ സ്മിത് സ്വന്തം പേര് എഴുതി ചേര്‍ത്തു. ഓസ്ട്രേലിയ്ക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്യാപ്റ്റന്മാരില്‍ മൂന്നാമതാവാനാണ് താരത്തിന് സാധിച്ചത്. മുന്‍ ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പലിനെ മറികടന്നാണ് ഈ നേട്ടം.
അലന്‍ ബോര്‍ഡര്‍ – 6623
റിക്കി പോണ്ടിങ് – 6542
സ്റ്റീവ് സ്മിത് – 4219
ഗ്രെഗ് ചാപ്പല്‍ – 4209
സ്മിത്തിന് പുറമെ, ജെയ്ക്ക് വെതറാള്‍ഡും മര്‍നസ് ലബുഷാനും അര്‍ധ സെഞ്ച്വറികള്‍ നേടി. വെതറാള്‍ഡ് 78 പന്തില്‍ 72 റണ്‍സും ലബുഷാന്‍ 78 പന്തില്‍ 65 റണ്‍സും സ്‌കോര്‍ ചെയ്തു. ഒപ്പം കാമറൂണ്‍ ഗ്രീന്‍ 57 പന്തില്‍ 45 റണ്‍സും ചേര്‍ത്തു.
ജെയ്ക്ക് വെതറാൾഡ് മത്സരത്തിനിടെ Photo: Crickettimes.com/x.com
നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 334 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി ജോ റൂട്ട് 206 പന്തില്‍ പുറത്താവാതെ 138 റണ്‍സും സാക്ക് ക്രോളി 93 പന്തില്‍ 76 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. താരം ആറ് വിക്കറ്റാണ് വീഴ്ത്തിയത്. നെസര്‍, സ്‌കോട്ട് ബോളണ്ട്, ബ്രെണ്ടന്‍ ഡോഗേറ്റ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Steve Smith became third Australian captain to score most runs in Test surpassing Greg Chappell