| Wednesday, 19th November 2025, 7:56 pm

ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ മാത്രമല്ല, അതിനേക്കാള്‍ വലിയ പോരാട്ടം അതിനുള്ളില്‍ തന്നെയുണ്ട്; ആഷസില്‍ തീ പാറും

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നിന്റെ പുതിയ പതിപ്പിന് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. വിശ്വപ്രസിദ്ധമായ ആഷസ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ഓസ്ട്രേലിയില്‍ പര്യടനത്തിനെത്തുകയാണ്. നവംബര്‍ 21നാണ് പരമ്പരയിലെ ആദ്യ മത്സരം. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയമാണ് വേദി.

ഇന്ത്യയ്ക്കെതിരായ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ സമനിലയ്ക്ക് ശേഷം ചിരവൈരികളായ കങ്കാരുക്കളുടെ മണ്ണിലേക്ക് ഇംഗ്ലണ്ടെത്തുമ്പോള്‍ സ്റ്റോക്സിനും സംഘത്തിനും പലതും തെളിയിക്കേണ്ടതായുണ്ട്.

ഒരു പതിറ്റാണ്ടിലേറെയായി ഓസ്ട്രേലിയന്‍ മണ്ണില്‍ ജയമില്ല എന്ന ദുഷ്പേര് മാറ്റിയെടുക്കുക എന്നത് തന്നെയാകും ഇതില്‍ പ്രധാനം. ജോ റൂട്ട് അടക്കമുള്ള വജ്രായുധങ്ങളുടെ മികച്ച ഫോമില്‍ ത്രീ ലയണ്‍സ് പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ ഹോം അഡ്വാന്റേജും സ്റ്റീവ് സ്മിത്തും മിച്ചല്‍ സ്റ്റാര്‍ക്കും അടക്കമുള്ള താരങ്ങളുടെ അനുഭവസമ്പത്താണ് കങ്കാരുക്കളുടെ കൈമുതല്‍.

ഈ ആഷസില്‍ ജോ റൂട്ടും സ്റ്റീവ് സ്മിത്തും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനും ആഷസ് വേദിയാകും. നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ തങ്ങളുടെ എക്കാലത്തെയും മികച്ച റൈവലുകളെ നേരിടുമ്പോള്‍ ആരാധകര്‍ക്ക് വിരുന്ന് തന്നെയായിരിക്കും.

അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും വിരാട് കോഹ്‌ലിയും കെയ്ന്‍ വില്യംസണും പടിയിറങ്ങിയതോടെ ‘ഫോര്‍ പില്ലേഴ്സ് ഓഫ് ഹെവനിലെ’ ശേഷിക്കുന്ന രണ്ട് തൂണുകളുടെ മാസ്റ്റര്‍ ക്ലാസ് പോരാട്ടത്തിനാണ് ആരാധകരുടെ കാത്തിരിപ്പ്.

ഈ പരമ്പരയില്‍ ചില നേട്ടങ്ങളും ഇരുവരെയും കാത്തിരിക്കുന്നുണ്ട്. ആഷസ് പരമ്പരയില്‍ ഏറ്റവുമധികം ഇന്നിങ്‌സുകളില്‍ ടോപ്പ് സ്‌കോററാകുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരമാണ് ഇരുവര്‍ക്കുമുള്ളത്. പരമ്പരയിലെ പത്ത് ഇന്നിങ്‌സില്‍ നിന്നും നാല് തവണ ടോപ് സ്‌കോററായല്‍ റൂട്ടിനും അഞ്ച് തവണ ഏറ്റവുമധികം റണ്‍സ് നേടിയാല്‍ സ്മിത്തിനും ഈ നേട്ടത്തിലെത്താം.

ആഷസില്‍ ടോപ് സ്‌കോററായി ഏറ്റവുമധികം ഇന്നിങ്‌സ്

(താരം – ടീം – ഇന്നിങ്‌സ്)

ഡോണ്‍ ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 20

അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – 18

ജോ റൂട്ട് – ഇംഗ്ലണ്ട് – 17

വാല്ലി ഹാമണ്ട് – ഇംഗ്ലണ്ട് – 17

ജാക്ക് ഹോബ്‌സ് – ഇംഗ്ലണ്ട് – 17*

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 16

ഡേവിഡ് ഗോവര്‍ – ഇംഗ്ലണ്ട് – 16*

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോഫ്രാ ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെഥല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാഴ്‌സ്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, ഒല്ലി പോപ്പ്, മാത്യു പോട്ട്‌സ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടംഗ്, മാര്‍ക് വുഡ്.

ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്

സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്സ് കാരി, ബ്രെന്‍ഡന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍

ആഷസ് 2025-26

ആദ്യ മത്സരം – നവംബര്‍ 21 മുതല്‍ 25 വരെ – പെര്‍ത്

രണ്ടാം മത്സരം – ഡിസംബര്‍ നാല് മുതല്‍ വരെ – ദി ഗാബ

മൂന്നാം മത്സരം – ഡിസംബര്‍ 17 മുതല്‍ 21 വരെ – അഡ്‌ലെയ്ഡ് ഓവല്‍

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്

അവസാന മത്സരം – ജനുവരി നാല് മുതല്‍ എട്ട് വരെ – സിഡ്‌നി

Content Highlight: The Ashes: Steve Smith and Joe Root have a chance to become the top scorer and player with the most innings in the Ashes.

We use cookies to give you the best possible experience. Learn more