| Wednesday, 11th June 2025, 7:24 am

കെനിയയിലെ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നയ്‌റോബി: കെനിയയിലെ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മൂന്ന് ദിവസത്തിനകം മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് വിവരം.

ഖത്തറില്‍ നിന്ന് കെനിയയിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു.

പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ അഞ്ച് മലയാളികളാണ് അപകടത്തില്‍ മരിച്ചത്. മരണം കെനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു. 14 മലയാളികള്‍ അടക്കം 28 ഇന്ത്യക്കാരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തൃശൂര്‍ സ്വദേശി ജസ്‌ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശി റിയ ആന്‍ (41) മകള്‍ ടൈറ റോഡ്വി ഗസന്‍ (7) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ റിയയുടെ പങ്കാളി ജോയല്‍, മകന്‍ ട്രാവിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണെന്നാണ് വിവരം.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലാണ് സംഭവം. ന്യാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് മറിഞ്ഞത്. സംഭവത്തില്‍ കെനിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നു.

അപകടത്തില്‍പ്പെട്ട കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ഹെല്‍പ്പ് ഡെസ്‌ക്കിലേക്ക് 18004253939 (ടോള്‍ ഫ്രീ നമ്പര്‍, ഇന്ത്യയില്‍ നിന്നും), +91-8802012345 (മിസ്ഡ് കോള്‍, വിദേശത്ത് നിന്നും) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

Content Highlight: Steps have been taken to repatriate the bodies of the Malayalis who died in a road accident in Kenya

Latest Stories

We use cookies to give you the best possible experience. Learn more