| Monday, 6th April 2026, 11:21 am

അപകടകാരിയായ ബാറ്ററാണ് സഞ്ജു; പിന്തുണയുമായി പരിശീലകന്‍

ശ്രീരാഗ് പാറക്കല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ സഞ്ജു സാംസണെ പിന്തുണച്ച് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്. ഋതുരാജിനൊപ്പം റണ്‍സ് നേടാനും സംഭാവന നല്‍കാനും ആഗ്രഹിക്കുന്നുണ്ടെന്നും ടി-20യില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. റണ്‍സ് നേടുമ്പോള്‍ ആധിപത്യം സ്ഥാപിക്കുന്ന വളരെ അപകടകരമായ ബാറ്ററാണ് സഞ്ജുവെന്നും ഫ്‌ളെമിങ് പറഞ്ഞു.

‘അദ്ദേഹം ഋതുരാജിനൊപ്പം റണ്‍സ് നേടാനും സംഭാവന നല്‍കാനും ആഗ്രഹിക്കുന്നുണ്ട്. ടി-20യില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരും. ടി-20 ലോകകപ്പില്‍ എന്ത് സംഭവിച്ചുവെന്നത് നമ്മള്‍ കണ്ടതാണ്. റണ്‍സ് നേടുന്ന ബാറ്ററാണ് അവന്‍, ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അത്തരമൊരു അപകടകാരിയായ താരത്തിന് മഞ്ഞ ജേഴ്‌സിയില്‍ തുടരുമ്പോള്‍ ഞങ്ങള്‍ ആത്മവിശ്വാസമോ പിന്തുണയോ നല്‍കേണ്ടതില്ല,’ ഫ്‌ളെമിങ് പറഞ്ഞു.

അതേസമയം ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനാണ് ബെംഗളൂരുവിന്റെ വിജയം. ആര്‍.സി.ബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

സഞ്ജു സാംസൺ

മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു. താരം അഞ്ച് പന്തില്‍ ഒരു സിക്‌സറടക്കം ഒമ്പത് റണ്‍സുമായി മടങ്ങി. രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ആറ് റണ്‍സും പഞ്ചാബിനെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സുമായിരുന്നു താരം നേടിയത്.

ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് നാലാമനായി ഇറങ്ങിയ സര്‍ഫറാസ് ഖാനാണ്. 25 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. 29 പന്തില്‍ ആറ് ഫോറും ഒരു സിക്സും സഹിതം 43 റണ്‍സെടുത്ത പ്രശാന്ത് വീര്‍ 43 റണ്‍സും, 16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 37 റണ്‍സെടുത്ത ജെയ്മി ഓവര്‍ടണും ചെന്നൈ നിരയില്‍ തിളങ്ങി. 12 പന്തില്‍ ഓരോ സിക്സും ഫോറും ഉള്‍പ്പെടെ 19* റണ്‍സെടുത്ത അന്‍ഷുല്‍ കാംബോജ് പൊരുതി.

Content Highlight: StephenFleming Talking About Sanju Samson
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more