| Monday, 29th June 2026, 8:06 am

ഒറ്റ ഗോളിൽ മൂന്നാമനായി കാനഡ താരം; അപൂർവ ലിസ്റ്റിലെത്താൻ മെസിക്കും അവസരം

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി കാനഡ. റൗണ്ട് ഓഫ് 32ല്‍ സൗത്ത് ആഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ലോകകപ്പിന്റെ സഹ ആതിഥേയ രാജ്യം കൂടിയായ കാനഡ മുന്നേറിയത്. ചരിത്രത്തിലാദ്യമായാണ് കാനഡ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പാക്കിയത്.

ലോസ് ആഞ്ജലസില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിയ നിമിഷമായിരുന്നു കാനഡയുടെ വിജയഗോള്‍ പിറന്നത്. സ്റ്റീഫന്‍ എസ്താക്വിയോയാണ് കാനഡയുടെ ഗോള്‍ സ്‌കോറര്‍. 90+2 മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന മേജര്‍ ലീഗ് സോക്കറില്‍ കളിക്കുന്ന മൂന്നാമത്തെ താരമാണ് എസ്താക്വിയോ. മുന്‍ യു.എസ്.എ താരങ്ങളായ ബ്രയാന്‍ മക്ബ്രൈഡ്, ലണ്ടന്‍ ഡൊണോവന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

2002 ലോകകപ്പില്‍ മെക്സിക്കോക്കെതിരെയായിരുന്നു ബ്രയാന്റെയും ഡൊണോവന്റെയും ഗോള്‍ പിറന്നത്. കൊളംബസ് ക്രൂവിന്റെ താരമായിരുന്നു മക്ബ്രൈഡ്. സാന്‍ ജോസ് ഏര്‍ത്ക്വകേസിന്റെ താരമായിരുന്നു ഡൊണോവന്‍.

ഡൊണോവന്‍ രണ്ട് ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളിലും ലക്ഷ്യം കണ്ടിട്ടുണ്ട്. 2010ല്‍ ഘാനക്കെതിരെയായിരുന്നു താരത്തിന്റെ മറ്റൊരു നോക്ക് ഔട്ട് ഗോള്‍. അന്ന് എല്‍.എ ഗാലക്‌സിയുടെ താരമായിരുന്നു ഡൊണോവന്‍. ഇപ്പോള്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ലോസ് ആഞ്ചലസ് എഫ്.സിയുടെ താരമായ എസ്താക്വിയോയും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്.

അതേസമയം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കും ഈ ലിസ്റ്റില്‍ ഇടം പിടിക്കാന്‍ അവസരമുണ്ട്. എം.എല്‍.എസില്‍ ഇന്റര്‍ മയാമിയുടെ താരമായ മെസിയും അര്‍ജന്റീനയും റൗണ്ട് ഓഫ് 32ല്‍ ആഫ്രിക്കന്‍ ടീമായ കേപ് വെര്‍ദെയെയാണ് നേരിടുക. ജൂലൈ നാലിന് നടക്കുന്ന മത്സരത്തില്‍ ഗോള്‍ നേടാന്‍ സാധിച്ചാല്‍ മെസിക്കും ഈ ലിസ്റ്റില്‍ തന്റെ പേരെഴുതിച്ചേര്‍ക്കാന്‍ സാധിക്കും.

ഈ ലോകകപ്പില്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് കുതിക്കുകയാണ് മെസി. ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകള്‍ നേടി മിന്നും ഫോമിലാണ് മെസി. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളതും മെസി തന്നെയാണ്.

Content Highlight: Stephen Eustaquio create a rare record in fifa world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more