ചെന്നൈ: രാജ രാജ ചോളൻ്റെയും രാജേന്ദ്ര ചോളൻ ഒന്നാമൻ്റെയും പ്രതിമകൾ തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജേന്ദ്ര ചോളൻ ഒന്നാമന്റെ തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള സമുദ്രയാത്രയുടെ 1000 വർഷത്തെ സ്മരണക്കായും ആദി തിരുവാതിരൈ ഉത്സവത്തോടനുബന്ധിച്ചും ഗംഗൈകൊണ്ട ചോളപുരത്തെ ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.
‘ഭാരതത്തിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നു. തമിഴ്‌നാട്ടിൽ രാജാവായ രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകൻ രാജേന്ദ്ര ചോളൻ ഒന്നാമന്റെയും പ്രതിമകൾ ഞാൻ സ്ഥാപിക്കും. ഈ പ്രതിമകൾ നമ്മുടെ ചരിത്രത്തിൻ്റെ തൂണുകളായി മാറും’ മോദി പറഞ്ഞു.
രാജരാജ ചോളന്റെയും രാജേന്ദ്ര ചോളൻ ഒന്നാമന്റെയും പൈതൃകം നമ്മുടെ അഭിമാനത്തിന്റെയും സ്വത്വത്തിന്റെയും പര്യായമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
45 മിനിട്ട് നീണ്ട പ്രസംഗത്തിൽ ചോള ചക്രവർത്തിമാർ നൽകിയ സംഭാവനകളെക്കുറിച്ചും ശൈവ പാരമ്പ്യത്തെക്കുറിച്ചും സംസാരിച്ച മോദി, ചോള കാലഘട്ടത്തെ ഇന്ത്യയുടെ സുവർണ കാലഘട്ടങ്ങളിലൊന്നാണെന്നും കൂട്ടിച്ചേർത്തു.
ചോളരാജാക്കന്മാർ ഇന്ത്യയുടെ സാംസ്കാരിക ഐക്യത്തിനെ ബന്ധിപ്പിച്ചുവെന്നും ഇന്നത്തെ ഗവൺമെൻ്റ് അതേ ആശയങ്ങളാണ് മുന്നോട്ട് കൊണ്ടുപോകുന്നെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സംസ്കാരിക രൂപീകരണത്തിൽ ശൈവ പാരമ്പര്യം പങ്കുവഹിച്ചിട്ടുണ്ടെന്നും ചോള ചക്രവർത്തിമാരായിരുന്നു പൈതൃകത്തിൻ്റെ പ്രധാന ശിൽപ്പികളെന്നും മോദി പറഞ്ഞു. തമിഴ്നാട് ഇന്നും ശൈവ പാരമ്പര്യ കേന്ദ്രങ്ങളിലൊന്നായി നിലനിൽക്കുന്നത് അതുകൊണ്ടാണെന്നും മോദി കൂട്ടിച്ചേർത്തു.
ശ്രീലങ്ക, മാലിദ്വീപ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവരുമായുള്ള ചോള ഭരണാധികാരികളുടെ നയതന്ത്ര, വ്യാപാര ബന്ധങ്ങളെക്കുറിച്ച് പരാമർശിച്ച മോദി കഴിഞ്ഞ ദിവസം മാലിദ്വീപിൽ നിന്നും മടങ്ങിയതിനെക്കുറിച്ചും പരാമർശിച്ചു.
വിദേശരാജ്യങ്ങളിലേക്ക് മോഷ്ടിച്ചുകൊണ്ടുപോയിട്ടുള്ള ഇന്ത്യയുടെ നിധികൾ അവിടെ നിന്നും തിരികെ കൊണ്ടുവരാനുള്ള സർക്കാർ ശ്രമങ്ങളെ പരാമർശിച്ച മോദി 2014 മുതൽ 600 ലധികം പുരാതന വസ്തുക്കളും ശിൽപ്പങ്ങളും തിരിച്ച് ഇന്ത്യയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ഇതിൽ 36 എണ്ണം തമിഴ്നാട്ടിൽ നിന്നുള്ളതാണെന്നും പറഞ്ഞു.
പരിപാടിയിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും മോദി പരാമർശിച്ചു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്താകെ അവബോധം ഉണ്ടാക്കിയെടുത്തെന്നും ഇന്ത്യയുടെ ശക്തിയെ ലോകം അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Statues of Chola kings to be installed in Tamil Nadu says Modi