തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ നടന്ന നീന്തൽ മത്സരത്തിനിടെയുണ്ടായ അപകടത്തിന് കാരണം പെട്ടെന്നുണ്ടായ അതിശക്തമായ കാറ്റും മഴയുമാണെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മത്സരങ്ങളുടെ രണ്ടാം ദിവസമാണ് അപ്രതീക്ഷിതമായി ശക്തമായ കാറ്റും മഴയുമുണ്ടായത്. തുടർന്ന് മത്സരം നിർത്തിവെക്കുകയും അവിടെയുണ്ടായിരുന്നവർ അക്വാട്ടിക് കോംപ്ലക്സിലെ ഷെഡിലേക്ക് മാറുകയും ചെയ്തു. എന്നാൽ കാറ്റിൽ ഷെഡിന്റെ രണ്ട് മൂന്ന് ഷീറ്റുകൾ ഇളകി താഴേക്ക് വീണതോടെ പരിഭ്രാന്തി പടരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഷീറ്റിന്റെ മൂർച്ചയേറിയ ഭാഗം തട്ടി മത്സരം കാണാനെത്തിയ ഒരു കോളേജ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ഈ കുട്ടിയുടെ മുറിവിൽ നാലഞ്ചു തുന്നലുകളുണ്ട്. തുടർന്നുണ്ടായ തിക്കിലും തിരക്കിലും മറ്റ് ഏതാനും കുട്ടികൾക്കും ഒരു രക്ഷിതാവിനുമടക്കം ആകെ ആറുപേർക്ക് പരിക്കേറ്റതായും മന്ത്രി വ്യക്തമാക്കി.
പരിക്കേറ്റവരെ ഉടനടി ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നാലുപേരെ അന്നുതന്നെ വിട്ടയച്ചതായും ബാക്കി രണ്ടുപേർ തൊട്ടടുത്ത ദിവസം ആശുപത്രി വിട്ടതായും അദ്ദേഹം അറിയിച്ചു.
പരിക്കേറ്റ കുട്ടികൾക്ക് കൂടി മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതിനാണ് നീന്തൽ മത്സരങ്ങൾ താത്ക്കാലികമായി മാറ്റിവെച്ചതെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു.
കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഇൻക്വസ്റ്റും അന്വേഷണ നടപടികളും നടക്കാനുണ്ടായിരുന്നു. ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കുന്ന പ്രധാന കായികമേളയ്ക്ക് മുൻപായി മറ്റൊരു വേദി നിശ്ചയിച്ച് ഈ മത്സരങ്ങൾ പൂർത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. പൊതുവായ കാലാവസ്ഥാ പ്രവചനങ്ങൾക്ക് പുറമെ ഓരോ മണിക്കൂറിലെയും കാലാവസ്ഥാ വ്യതിയാനം കൃത്യമായി നിരീക്ഷിച്ച് മാത്രം മത്സരങ്ങളുമായി മുന്നോട്ട് പോകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന കായികമേളയുടെ വിവിധ ഇനങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ പരിഗണിച്ച് മുൻകാലങ്ങളിലെപ്പോലെ വിവിധ ജില്ലകളിലാണ് നടക്കുന്നത്. പ്രാദേശിക സംഘാടനത്തിലോ മറ്റോ എന്തെങ്കിലും വീഴ്ചകൾ പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. പൊലീസും സംഭവത്തിൽ ആവശ്യമായ പരിശോധനകൾ നടത്തുന്നുണ്ട്. പെട്ടെന്നുണ്ടായ മഴയെയും കാറ്റിനെയും ചിലർ അനാവശ്യമായി വിവാദമാക്കാനും ദുരുദ്ദേശ്യത്തോടെ ചിത്രീകരിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight:State School Sports Meet: Accident at the aquatic complex caused by unexpected wind and rain; N. Shamsuddeen says a detailed report has been sought.