| Sunday, 24th August 2025, 8:27 am

ഹിന്ദുത്വ, പുരാണ ആശയ യു.ജി.സി പാഠ്യപദ്ധതി ചട്ടക്കൂടിനെതിരെ സംസ്ഥാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹിന്ദുത്വ, പുരാണ, ഇതിഹാസ ആശയങ്ങള്‍ ശാസ്ത്രവിഷയങ്ങളില്‍ അടക്കം ഉള്‍പ്പെടുത്തി യു.ജി.സി പുറത്തിറക്കിയ കരട്, യു.ജി പാഠ്യപദ്ധതി ചട്ടക്കൂടിനെതിരെ ശക്തമായ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍.

നിര്‍ദേശങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ശേഷം വിയോജിപ്പ് യു.ജി.സിയെയും കേന്ദ്ര സര്‍ക്കാറിനെയും അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.

കെമിസ്ട്രി പാഠ്യപദ്ധതി ചട്ടക്കൂട്ടിലാണ് പുരാണ, ഇതിഹാസ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. സിലബസില്‍ പുരാതന ഇന്ത്യയിലെ രസതന്ത്രം എന്ന അധ്യായം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുരാതന ഇന്ത്യയിലെ ലോഹശാസ്ത്രം, പുരാതന ഇന്ത്യയിലെ കെമിസ്ട്രി, ലബോറട്ടറികള്‍, ചൂളകള്‍, പുരാതന മരുന്ന് സമ്പ്രദായങ്ങള്‍ എന്നിവയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പഠന നേട്ടങ്ങള്‍ അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെട്ട് ഒമ്പത് വിഷയങ്ങളില്‍ പ്രോഗ്രാം രൂപകല്‍പ്പനക്കും സിലബസ് രൂപകല്‍പ്പനക്കുമായി സിലബസ് പുറത്തിറക്കിയ മാതൃക പാഠ്യപദ്ധതി ചട്ടക്കൂട്ട് തികച്ചും ശാസ്ത്രവിരുദ്ധവും ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമവുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മള്‍ട്ടി ഡിസിപ്ലിനരി പഠനം, ഫെക്‌സിബിളിറ്റി മുതലായ ആശയങ്ങളെ പൂര്‍ണമായും തിരസ്‌കരിച്ചാണ് പാഠ്യപദ്ധതി പുറത്തിറക്കിയതെന്നും ഇവ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്കാണ് വഴിവെക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഇക്കാര്യങ്ങള്‍ നടത്തിയെടുക്കല്‍ അത്ര എളുപ്പമല്ലെന്ന് കണ്ടാണ് കോടതി വിധികളെപ്പോലും മാനിക്കാതെ നിയമവിരുദ്ധമായി ചാന്‍സിലറെ ഉപയോഗിച്ച് ആര്‍.എസ്.എ സ് പാര്‍ശ്വവര്‍ത്തികളെ സര്‍വകലാശാലകളുടെ സമുന്നത പദവികളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതെന്നും ഇത്തരം പാഠഭാഗങ്ങള്‍ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പോലുള്ള രാജ്യത്തെ സുപ്രധാന മത്സര പരീക്ഷകളുടെ സിലബസിന്റെ ഭാഗമാക്കാനുള്ള തീരുമാനം അപഹാസ്യവും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആന്ത്രോപോളജി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ജിയോളജി, ഹോം സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ എജുക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കായുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂടാണ് പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചത്. ബാക്കിയുള്ളവ വൈകാതെ പുറത്തുവിടും.

കെമിസ്ട്രി പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ആമുഖ പേജില്‍ യു.ജി.സിയുടെ ചിഹ്നത്തിന് പകരം സരസ്വതി ദേവിയുടെ ചിത്രവും പ്രാര്‍ഥനയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: State government opposes UGC curriculum framework based on Hindutva, mythology

We use cookies to give you the best possible experience. Learn more