| Thursday, 29th January 2026, 7:26 am

തൂണിൽ അതിവേഗ റെയിൽ പാത; റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് അംഗീകാരം നൽകി സംസ്ഥാന സർക്കാർ

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി സംസ്ഥാന സർക്കാർ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിലുള്ള റെയിൽ പാതയാണിത്.

ഇതുസംന്ധിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ആർ.ആർ.ടി.എസ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടിയാലോചനയ്ക്കായി ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി, അനുമതി ലഭിച്ചതിന് ശേഷം ധാരണാ പത്രത്തിൽ ഏർപ്പെടും. പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ, വായ്പാസ്രോതസ്സുകൾ എന്നിവയ്ക്ക് അന്തിമ അനുമതി നൽകുന്നതിന് ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു ഇതുസംബന്ധിച്ച കാര്യങ്ങൾ സമർപ്പിക്കും.

അതിവേഗ ഗതാഗത സംവിധാനം എന്നത് സർക്കാരിന്റെ വികസന കാഴ്ച്ചപ്പാടിലെ സുപ്രധാന ഘടകമാണ്. കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയും ജനസാന്ദ്രതയും കണക്കിലെടുത്ത്, സമയബന്ധിതവും പരിസ്ഥിതി സൗഹൃദവുമായ ഉയർന്ന വേഗതയിലുള്ള റെയിൽ സംവിധാനം സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക വളർച്ചയ്ക്ക് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ പറഞ്ഞു.

പ്രായോഗികവും സാമൂഹികവുമായി അംഗീകരിക്കാവുന്ന അതിവേഗ റെയിൽവേ സംവിധാനമാണ് ആർ.ആർ.ടി.എസ്. യാത്രാസമയം ഗണ്യമായി കുറയ്ക്കുക, മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുക, തൊഴിൽ വിദ്യാഭ്യാസ അവസരങ്ങൾ വിപുലപ്പെടുത്തുന്നതടക്കമുള്ള ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.

ആർ.ആർ.ടി.എസ് നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാനാണ് ഉദേശ്യം. നിലവിലുള്ള കൊച്ചി മെട്രോയുമായും, ഭാവിയിൽ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും ആർ.ആർ.ടി.എസ് സ്റ്റേഷനുകളുമായി സംയോജിപ്പിക്കാൻ സാധ്യമാകും.

സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും ഭൂപ്രകൃതിയും കണക്കിലെടുത്ത്, തറനിരപ്പിലൂടെയുള്ള (embankment) മോഡലിന് പകരം തൂണുകൾ വഴിയുള്ള (elevated viaduct) മോഡലുകളാണ് ഈ പദ്ധതിക്കായി സ്വീകരിക്കുന്നത്. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളും ആവശ്യമുള്ള സ്ഥലങ്ങളിൽ എംബാങ്ക്മെന്റ്, ടണൽ എന്നിവയും ഉണ്ടായിരിക്കും.

ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുകയും, സ്വകാര്യ വാഹന ആശ്രയം കുറയുകയും ചെയ്യും. ഇത് സംസ്ഥാനത്ത് ഒരു ഏകീകൃത ബഹുവിധ ഗതാഗത ശൃംഖല സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദൽഹി മാതൃകയിലാണ് പദ്ധതിയുടെ ചെലവ് കേരളത്തിൽ നടപ്പിലാക്കുകയെന്ന് മന്ത്രിസഭ അറിയിച്ചു. 20% സംസ്ഥാന സർക്കാർ, 20% കേന്ദ്ര സർക്കാർ, ശേഷിക്കുന്ന 60% അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ദീർഘകാല വായ്പ എന്ന നിലയിലാണ് ആർ.ആർ.ടി.എസ് നടപ്പിലാക്കുകയെന്നും സർക്കാർ അറിയിച്ചു.

വിവിധ ഘട്ടങ്ങൾ പരസ്പരം സമാന്തരമായി ഒരേ സമയം തന്നെ പുരോഗമിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്യുന്നത്.

ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഉള്ള ട്രാവൻകൂർ ലൈൻ, അതിന്റെ ഒപ്പം തിരുവനന്തപുരം മെട്രോയും കൂടാതെ കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തിൽ സമാന്തരമായി ആരംഭിക്കും. 284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2027 ൽ നിർമ്മാണം ആരംഭിച്ച് 2033 ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടാംഘട്ടമായി തൃശ്ശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും അതോടൊപ്പം കോഴിക്കോട് മെട്രോയും നടപ്പിലാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ കണ്ണൂർ ലൈൻ വികസിപ്പിക്കുന്നതും അവസാന ഘട്ടമായി കണ്ണൂർ മുതൽ കാസർഗോഡ് ലൈനും പൂർത്തിയാക്കാനുമാണ് നിർദേശം.

തിരുവനന്തപുരം കോഴിക്കോട് മെട്രോ ഉൾപ്പെടെ, 12 വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളമുള്ള സമ്പൂർണ ആർ.ആർ.ടി.എസ് ശൃംഖല യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നും സർക്കാർ പറഞ്ഞു.

Content Highlight: State government approves regional rapid transit system

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more