നടനും സംവിധാകനുമായ പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറിയുടെ ചെയർമാനായാണ് പ്രകാശ് രാജിനെ നിയമിച്ചത്.
സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരുമാകും. ഇരുവരും അന്തിമ വിധി നിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
കൂടാതെ ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് എച്ചിക്കാനും എന്നിവരും അന്തിമ വിധി നിർണയ സമിതിയിൽ അംഗങ്ങളായിരിക്കും.
128 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബർ ആറിന് രാവിലെ ജൂറി സ്‌ക്രീനിങ് ആരംഭിക്കും.
നടൻ, നിർമാതാവ് എന്നീ നിലകളിൽ അഞ്ച് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നടനാണ് പ്രകാശ് രാജ്. ഏഴ് തവണ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരത്തിനും അദ്ദേഹം അർഹനായി. 31 വർഷമായി സിനിമയിൽ സജീവമായ അദ്ദേഹം, കന്നഡ, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇരുവർ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. പിന്നീട് കാഞ്ചീവരം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. വിവിധ ഭാഷകളിൽ നാല് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
Content Highlight: State Film Award; Prakash Raj appointed as Jury Chairman