ന്യൂദല്‍ഹി: സംസ്ഥാന പൊലീസ് മേധാവികളുടെ ചുരുക്കപ്പട്ടികയില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാറിന്റെ പേരില്ല. പൊലീസ് മേധാവി സ്ഥാനത്തേക്ക് നിര്‍ദേശിച്ച മൂന്ന് പേരുടെ ചുരുക്കപ്പട്ടികയാണ് യു.പി.എസ്.സി പുറത്ത് വിട്ടത്.
റബഡ ചന്ദ്രശേഖര്‍, നിധിന്‍ അഗര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകളാണ് യു.പി.എസ്.സി അംഗീകരിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ആറ് പേരുകളാണ് നിര്‍ദേശിച്ചിരുന്നത്. നിലവില്‍ അംഗീകരിച്ച മൂന്ന് പേരുകള്‍ക്ക് പുറമെ മനോജ് അബ്രഹാം, സുരേഷ് രാജ് പുരോഹി, അജിത്ത് കുമാര്‍ എന്നിവരുടെ പേരുകളാണ് കേരളം കേന്ദ്രത്തിന് നല്‍കിയിരുന്നത്.
ഇതില്‍ മൂന്ന് പേരുകള്‍ യു.പി.എസ്.സി അംഗീകരിക്കുകയായിരുന്നു. ഈ മാസം 30നാണ് പുതിയ ഡി.ജി.പിയെ പ്രഖ്യാപിക്കുക.
പോരാട്ടത്തിന്റെ വിജയമായാണ് ഇതിനെ കാണുന്നതെന്ന് പി.വി. അന്‍വര്‍ മീഡിയ വണ്ണിനോട് പ്രതികരിച്ചു. മൂന്നരക്കോടി ജനങ്ങളെ വിഡ്ഢിയാക്കിയ പൂരം കലക്കല്‍ അടക്കമുള്ള നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും നേരിടുന്നയാളാണ് അജിത്ത് കുമാറെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ യു.പി.എസ്.സിക്ക് കത്തയച്ചിരുന്നതായും അന്‍വര്‍ പറഞ്ഞു. അതിന്റെ വിജയം ഉണ്ടായെന്നും സത്യത്തിന്റെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടല്ല മറിച്ച് യു.പി.എസ്.സിയുടെ ഇടപെടല്‍ കാരണമാണ് അജിത്ത് കുമാറിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ഒരിക്കലും തനിക്ക് പ്രീയപ്പെട്ട അജിത്ത് കുമാറിനെ ഒഴിവാക്കില്ലെന്നും എന്തിനാണ് അദ്ദേഹം ഇപ്പോഴും അജിത്ത് കുമാറിനെ സംരക്ഷിച്ച് നിര്‍ത്തുന്നതെന്നും അന്‍വര്‍ ചോദിച്ചു.
Content Highlight: State DGP shortlist published; M.R. Ajith Kumar is not in the list