| Thursday, 29th January 2026, 5:17 pm

സംസ്ഥാന ബഡ്ജറ്റ്; കേന്ദ്ര നയങ്ങള്‍ക്കെതിരെ കേരളം രേഖപ്പെടുത്തിയ ചെറുത്തുനില്‍പ്പ്: മുഖ്യമന്ത്രി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: 2026-27ലേത് സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സര്‍വമേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നല്‍കുന്ന ജനകീയ ബഡ്ജറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞത് പാലിക്കുന്നതാണ് കേരളത്തിന്റെ ന്യൂ നോര്‍മലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതി.

കഴിഞ്ഞ പത്തുവര്‍ഷമായി ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022ലെ 14-ാം പഞ്ചവത്സര പദ്ധതിയിലാണ് കേരളം ഈ ലക്ഷ്യം കൈവരിച്ചത്. ഇത്തരത്തിലുള്ള മധ്യവരുമാന സമൂഹം രണ്ട് കാലിലാണ് നില്‍ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിലൊന്നാമത്തേത്, നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന നിര്‍ദേശക തത്വങ്ങള്‍ക്കനുസൃതമായി ജനങ്ങള്‍ക്കുവേണ്ടിയുള്ള ക്ഷേമ രാഷ്ട്രം നിര്‍മിക്കുക എന്നതാണ്. സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി മൂലധന നിക്ഷേപവും പശ്ചാത്തല സൗകര്യവും വര്‍ധിപ്പിച്ച് വികസിപ്പിക്കുക എന്നതാണ് രണ്ടാമത്തേതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ രണ്ട് ലക്ഷ്യങ്ങളിലേക്കും കേരളം അതിവേഗം നടന്നുകയറുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം ഇന്നത്തെ ബഡ്ജറ്റില്‍ അവതരിപ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ കൂടി വേഗത്തില്‍ നടപ്പിലാക്കുന്നതോടെ സമഗ്രപുരോഗതി സംസ്ഥാനത്ത് സാധ്യമാകുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

അതേസമയം കഴിഞ്ഞ പത്തുവര്‍ഷമായി നടപ്പാക്കാന്‍ കഴിയാത്തത് ഇപ്പോള്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചുവെന്ന തരത്തില്‍ ചില പ്രതികരണങ്ങള്‍ വരികയുണ്ടായി. അവയെല്ലാം ഏതോ നിരാശയില്‍ നിന്നുമുടലെടുത്ത ബാലിശമായ ആരോപണം മാത്രമാണെന്നും മുഖ്യമന്ത്രി പറയുന്നു.

ഒരിക്കലും സാധ്യമല്ലെന്ന് കരുതിയ പദ്ധതികള്‍ പലതും യാഥാര്‍ത്ഥ്യമായത് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടാണ്. ദേശീയപാതാ വികസനം മുതല്‍ വിഴിഞ്ഞം രണ്ടാംഘട്ടം വരെ അതിന്റെ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘കണ്‍മുമ്പിലുള്ള ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും കഴിയില്ല. വികസനം മാത്രമല്ല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ പത്തുവര്‍ഷം വലിയ പരിഗണനയാണ് നല്‍കിയത്. ഈ ബഡ്ജറ്റിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അതേ പരിഗണന നല്‍കുന്നു. ബഡ്ജറ്റിന് മുമ്പ് തന്നെ ആശാവര്‍ക്കര്‍മാര്‍ക്ക് ആയിരം രൂപ ഓണറേറിയം വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ബഡ്ജറ്റില്‍ മറ്റൊരു ആയിരം കൂടി വര്‍ധിപ്പിച്ചിരിക്കുകയാണ്’ മുഖ്യമന്ത്രി അറിയിച്ചു.

ഇതിനുപുറമെ അംഗനവാടി വര്‍ക്കര്‍മാര്‍, പ്രീ പ്രൈമറി അധ്യാപകര്‍, സാക്ഷരതാ പ്രേരക്മാര്‍ എന്നിവര്‍ക്കും ആയിരം രൂപാ വീതം പ്രതിമാസ വേതനം വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡി.എ, ഡി.ആര്‍ ഗഡുക്കള്‍ പൂര്‍ണമായും നല്‍കാനാണ് ബഡ്ജറ്റിലെ പ്രഖ്യാപനം. ഇതില്‍ ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ലഭ്യമാക്കും എന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കുപകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിലും അഞ്ച് വര്‍ഷ തത്വം പാലിക്കുക എന്ന ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം ഇവിടെയും പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേമ പെന്‍ഷന്‍ കുടിശിക പൂര്‍ണമായി കൊടുത്ത് തീര്‍ക്കുമെന്ന് 2024 ജൂലൈയില്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തിയിരുന്നതാണ്. അത് അടക്കമുള്ള വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി 100 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ചരിത്രപരമായ ഒരു പ്രഖ്യാപനവും ഈ ബഡ്ജറ്റിലുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് മുന്‍ വര്‍ഷങ്ങളില്‍ നിന്നും അധികമായി ആയിരം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഓട്ടോറിക്ഷ സ്റ്റാന്റുകള്‍ സ്മാര്‍ട്ടാക്കുന്നതിനും ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ഗിഗ് ഹബ്ബുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ തുക വകയിരുത്തിയത് എല്ലാ വിഭാഗങ്ങളോടുമുള്ള സര്‍ക്കാരിന്റെ കരുതലിന്റെ ഉദാഹരണമാണ്.

സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ പഠനം സൗജന്യമാക്കിയതും ‘കണക്റ്റ് ടു വര്‍ക്ക്’ സ്‌കോളര്‍ഷിപ്പിനായി 400 കോടി രൂപ വകയിരുത്തിയതും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലന്വേഷകരായ യുവജനങ്ങള്‍ക്കുമുള്ള സര്‍ക്കാരിന്റെ കൈത്താങ്ങാണ്.

ഇത്തരത്തില്‍ തൊഴിലാളികള്‍, കര്‍ഷകര്‍, മധ്യവര്‍ഗം, സര്‍ക്കാര്‍ ജീവനക്കാര്‍, വ്യാപാര വ്യവസായ സമൂഹം, എന്നിങ്ങനെ എല്ലാ മേഖലകളിലുള്ളവര്‍ക്കും ആശ്വാസം പകരുന്നതാണ് 2026-27ലെ ബഡ്ജറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ബഡ്ജറ്റിലൂടെ ഇന്ത്യന്‍ ഫെഡറലിസത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന കടന്നാക്രമണങ്ങള്‍ക്ക് എതിരെയുള്ള ശക്തമായ രാഷ്ട്രീയ മറുപടി കൂടിയാണ് കേരളം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വായ്പാ പരിധികളിലെ അന്യായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നു. ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി വിഹിതവും വിവിധ ഇനങ്ങളിലായി കേന്ദ്രം നല്‍കാനുള്ള കുടിശ്ശികയും ഉള്‍പ്പെടെ നിഷേധിക്കുന്ന നടപടികളും സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ്.

സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരളം നടത്തിയ ചെറുത്തുനില്‍പ്പിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ് ഈ ബഡ്ജറ്റെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Content Highlight: State Budget; Kerala’s resistance against central policies: Chief Minister Pinarayi Vijayan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more