| Saturday, 1st March 2025, 10:27 am

സ്റ്റാര്‍മറുടേത് ട്രംപിന് സമാനമായ നീക്കങ്ങള്‍; രാജിവെച്ച് യു.കെ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: യു.കെയിലെ അന്താരാഷ്ട്ര വികസന മന്ത്രി അന്നാലീസ് ഡോഡ്സ് രാജിവെച്ചു. പ്രധാനമന്ത്രിയുടെ സഹായ ബജറ്റ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

പ്രതിരോധ ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിനായി നീക്കിവെച്ച തുകയില്‍ കുറവുണ്ടാകുന്നത് യു.കെയെ ദോഷകരമായി ബാധിക്കുമെന്ന് അന്നാലീസ് പറഞ്ഞു.പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മാര്‍ക്ക് എഴുതിയ കത്തിലാണ് ഡോഡ്സിന്റെ പരാമര്‍ശം.

2027 വരെയുള്ള പ്രതിരോധ ചെലവുകള്‍ക്കായി മൊത്തം ദേശീയ വരുമാനത്തിന്റെ 0.5 ശതമാനം തുക വിനിയോഗിക്കാനാണ് യു.കെ മന്ത്രിസഭ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് 0.3 ശതമാനമായി സ്റ്റാര്‍മാര്‍ കുറയ്ക്കുകയായിരുന്നു.

ഇതിനുപിന്നാലെയാണ് അന്നാലീസ് രാജിവെക്കാന്‍ തീരുമാനിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്ക് സമാനമാണ് സ്റ്റാര്‍മാരുടെ വെട്ടിക്കുറയ്ക്കല്‍ തീരുമാനമെന്നും അന്നാലീസ് പറഞ്ഞു.

ട്രംപുമായി കൂടിക്കാഴ്ച നടത്തേണ്ടിയിരുന്നതിനാലാണ് രാജി വൈകിപ്പിച്ചതെന്നും അന്നാലീസ് അറിയിച്ചു. കാരണം ‘ട്രംപിനെ കാണുമ്പോള്‍ നിങ്ങളുടെ പിന്നില്‍ ശക്തമായ ഒരു മന്ത്രിസഭ ഉണ്ടാകണം, എന്നും അന്നാലീസ് കൂട്ടിച്ചേര്‍ത്തു.

ധനകാര്യ നിയമങ്ങളിലും നികുതിയിലും ചര്‍ച്ച നടത്താന്‍ സ്റ്റാര്‍മര്‍ തയ്യാറാവാത്തതിലും അന്നാലീസ് അതൃപ്തി രേഖപ്പെടുത്തി. റഷ്യ ആഗോളതലത്തില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ നോക്കുന്നതിനിടയില്‍ യു.കെയുടെ നീക്കങ്ങള്‍ തിരിച്ചടിയുണ്ടാക്കുമെന്നും ഡോഡ്സ് പറഞ്ഞു.

മന്ത്രിയുടെ രാജിക്ക് പിന്നാലെ, രാജ്യത്തിനായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചതിന് കെയ്ര്‍ സ്റ്റാര്‍മാര്‍ അന്നാലീസിനോട് നന്ദി അറിയിച്ചു. മന്ത്രി ഉന്നയിച്ച വിഷയങ്ങള്‍ നിസാരമായി കാണുന്നില്ലെന്നും സ്റ്റാര്‍മാര്‍ പറഞ്ഞു.

2021 മുതല്‍ 2024 വരെ ലേബര്‍ പാര്‍ട്ടിയുടെ ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ച നേതാവാണ് അന്നാലീസ്. 2020 ഏപ്രില്‍ മുതല്‍ 2021 മെയ് വരെ ഷാഡോ ചാന്‍സലര്‍ ഓഫ് ദി എക്സ്ചെക്കറായും ഡോഡ്സ് സേവനമനുഷ്ഠിച്ചു.

ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ വനിത നേതാവ് കൂടിയായിരുന്നു ഡോഡ്സ്. ഓക്‌സ്‌ഫോര്‍ഡ് ഈസ്റ്റില്‍ നിന്നുള്ള എം.പിയായിരുന്നു അന്നാലീസ്.
സ്റ്റാര്‍മറുടെ സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് പുറത്തുപോകുന്ന നാലാമത്തെ മന്ത്രിയാണ് ഡോഡ്സ്. ലൂയിസ് ഹെയ്, ടുലിപ് സിദ്ദിഖ്, ആന്‍ഡ്രൂ ഗ്വിന്‍ എന്നിവരാണ് നേരത്തെ രാജിവെച്ചത്.

Content Highlight: Starmer’s Trump-Like Moves; UK minister Anneliese Dodds resigns

We use cookies to give you the best possible experience. Learn more