ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തെ തള്ളി പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. അക്രമത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ബ്രിട്ടീഷ് പതാകയെ ഉപയോഗിക്കരുതെന്ന് സ്റ്റാര്‍മര്‍ പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
തീവ്ര വലതുപക്ഷ സംഘടനയുടെ കുടിയേറ്റ വിരുദ്ധ മാര്‍ച്ചിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
‘സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളുടെ കാതലായ ഘടകമാണ്,’ സ്റ്റാര്‍മര്‍ എക്സില്‍ കുറിച്ചു. എന്നാല്‍ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇത്തരക്കാര്‍ക്ക് പ്രതിഷേധിക്കാന്‍ ബ്രിട്ടീഷ് പതാക വിട്ടുനല്‍കില്ലെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. ബ്രിട്ടന്റെ തെരുവുകളില്‍ പശ്ചാത്തലമോ ചര്‍മത്തിന്റെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ലെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
സഹിഷ്ണുത, വൈവിധ്യം, ബഹുമാനം എന്നിവയാല്‍ കെട്ടിപ്പടുത്ത രാജ്യമാണ് ബ്രിട്ടന്‍. ബ്രിട്ടീഷ് പതാക വൈവിധ്യമാര്‍ന്ന രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിന്‍സണിന്റെ നേതൃത്വത്തിലാണ് ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ മാര്‍ച്ച് നടന്നത്. സമീപ കാലത്ത് ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ പ്രതിഷേധം കൂടിയാണ് ഇത്. ഒന്നര ലക്ഷത്തോളം ആളുകളാണ് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്.
ആയിരക്കണക്കിന് പൊലീസുകാരെയാണ് സർക്കാർ തെരുവുകളില്‍ വിന്യസിച്ചിരുന്നത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 26 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്കിന് ആദരമര്‍പ്പിച്ചും പ്രധാനമന്ത്രിക്കെതിരെ അസഭ്യവര്‍ഷം നടത്തിയുമാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.
അതേസമയം ബ്രിട്ടനിലെ വലതുപക്ഷ പാര്‍ട്ടിയായ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന്റെ സ്ഥാപക നേതാവാണ് ടോമി റോബിന്‍സണ്‍. ഇയാള്‍ തീവ്ര ദേശീയവാദിയും ഇസ്‌ലാം വിരുദ്ധനുമാണ്. ബ്രിട്ടനില്‍ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാവുമാണ് ഇയാള്‍.
മാര്‍ച്ചിനിടെയുണ്ടായ അക്രമങ്ങളില്‍ പത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും മെട്രോപൊളിറ്റന്‍ പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
ഇതിനിടെ ‘സ്റ്റാന്‍ഡ് അപ്പ് ടു റേസിസം’ സംഘടിപ്പിച്ച ‘മാര്‍ച്ച് എഗൈന്‍സ്റ്റ് ഫാസിസം’ എന്ന പ്രതിഷേധത്തില്‍ 5000ത്തിലധികം ആളുകളാണ് പങ്കെടുത്തത്.
Content Highlight: Starmer rejects anti-immigration rally in london