| Tuesday, 11th March 2025, 7:48 pm

സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്കും; സ്പേസ് എക്‌സുമായി കരാറില്‍ ഒപ്പിട്ട് എയര്‍ടെല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്റ്റാര്‍ലിങ്കുമായി കരാറില്‍ ഒപ്പുവെച്ച് എയര്‍ടെല്‍. നിയമപരമായ അനുമതി ലഭിച്ച ശേഷം സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്‌പേസ് എക്‌സുമായി ഒപ്പുവെക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കരാറാണിത്.

കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ, തീരുമാനം ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് വഴിതെളിയിക്കുന്നതാണെന്ന് എയര്‍ടെല്‍ പ്രതികരിച്ചു. ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് എല്ലായിടത്തും എത്തിക്കാനാണ് ശ്രമമെന്ന് എയര്‍ടെലിന്റെ മാനേജിങ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്‌പേസ് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്കും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സ്റ്റാര്‍ലിങ്കും എയര്‍ടെലും കരാറിലെത്തുന്നത്. യു.എസ് സന്ദര്‍ശത്തിനിടെയാണ് മസ്‌കുമായി മോദി കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

50ലധികം രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് സേവനം നല്‍കുന്നുണ്ട്. 2024ല്‍ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി മസ്‌ക് പ്രതികരിച്ചിരുന്നു.

നിലവില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ എയര്‍ടെലിന്റെ റീട്ടെയില്‍ സ്റ്റോറുകള്‍ വഴി വില്‍ക്കാനും ബിസിനസ് ഉപയോക്താക്കള്‍ക്ക് പുറമെ സ്‌കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും വിദൂര സ്ഥലങ്ങളിലും സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ലഭ്യമാക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്.

പതിനായിരിക്കണക്കിന് ചെറിയ കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണിത്. ചെറിയ ഒരു ഉപഗ്രഹങ്ങള്‍ക്കും ഏകദേശം 260 കിലോഗ്രാം (570 പൗണ്ട്) ഭാരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Starlink to India; Airtel signs deal with SpaceX

We use cookies to give you the best possible experience. Learn more