| Tuesday, 4th November 2025, 10:50 pm

ചൈന-യു.എസ് വ്യാപാരത്തര്‍ക്കം; ചൈനയിലെ 60 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ സ്റ്റാര്‍ബക്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ്-ചൈന വ്യാപാരത്തര്‍ക്കത്തിന്റെയും തീരുവ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ ചൈനയുമായുള്ള ബന്ധം കുറച്ച് യു.എസ് കമ്പനികള്‍. ഇതിന്റെ ഭാഗമായി യു.എസ് ആസ്ഥാനമാക്കിയുള്ള ആഗോള ഭീമന്‍ കമ്പനിയായ സ്റ്റാര്‍ബക്‌സ് തങ്ങളുടെ 60 ശതമാനം വരുന്ന ചൈനയിലെ ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചു.

ബോയു ക്യാപിറ്റല്‍ എന്ന ചൈനീസ് കമ്പനിയുമായാണ് സ്റ്റാര്‍ബക്‌സിന്റെ വ്യാപാരം. 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇടപാടാണ് ഇരു കമ്പനികളും തമ്മില്‍ നടത്താനിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റാര്‍ബക്‌സ് ചൈനയിലെ ഓഹരികള്‍ വില്‍ക്കാനായി രാജ്യത്തെ പ്രാദേശിക കമ്പനികള്‍ക്കായുള്ള തെരച്ചില്‍ മേയ് മാസം മുതല്‍ ആരംഭിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ബക്‌സ് സി.ഇ.ഒയായി ബ്രയാന്‍ നിക്കോള്‍ ചുമതലയേറ്റ് ഒരു വര്‍ഷം പിന്നിടുന്നതിനിടെയാണ് നിര്‍ണായകമായ നീക്കം.

അതേസമയം, രണ്ടാം ട്രംപ് സര്‍ക്കാര്‍ യു.എസില്‍ ഭരണത്തിലേറിയതിന് ശേഷം ചൈനയുമായുള്ള വ്യാപാരയുദ്ധം കടുത്തിരുന്നു. ഉപരോധങ്ങളും പരസ്പരം ഭീമമായ തീരുവ ചുമത്തലും ഇരു രാജ്യങ്ങളും തുടര്‍ന്നതോടെയാണ് സ്റ്റാര്‍ബക്‌സ് ചൈനയില്‍ നിന്നും പിന്‍വാങ്ങുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചൈനീസ് വിപണിയില്‍ പിടിച്ചുനില്‍ക്കാനാകാതെ പല യു.എസ് കമ്പനികളും രാജ്യത്തെ ബിസിനസ് അവസാനിപ്പിച്ചിരുന്നു. സ്റ്റാര്‍ബക്‌സും മറ്റ് യു.എസ് കമ്പനികളുടെ ചുവടുപിടിച്ചാണ് പുതിയ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

നേരത്തെ, ബെസ്‌റ്റേ ബേ ഫൈവ് സ്റ്റാര്‍ കമ്പനി 2014ല്‍ ചൈനയിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഷെജിയാങ് ജിയുവാന്‍ ഗ്രൂപ്പിന് 184 സ്റ്റോറുകളും വില്‍ക്കുകയും രാജ്യത്ത് നിന്നും പിന്മാറുകയും ചെയ്തിരുന്നു. ചൈനീസ് കമ്പനികളുടെ വെല്ലുവിളി നേരിടാനാകാതെയാണ് പിന്മാറ്റമെന്ന് പിന്നീട് കമ്പനി അറിയിച്ചിരുന്നു.

കെ.എഫ്.സിയുടെയും പിസ ഹട്ടിന്റെയും ഉടമകളായ യം ബ്രാന്‍ഡ്‌സ് ചൈനീസ് ഓഹരി നിക്ഷപേ സ്ഥാപനമായ പ്രൈമവേര ക്യാപിറ്റലിനും ആലിബാബ ഗ്രൂപ്പിനും മുഴുവന്‍ ഓഹരികളും വിറ്റിരുന്നു. 460 മില്യണ്‍ ഡോളറിന്റെ വില്‍പനയാണ് 2016ല്‍ നടന്നത്.

2016ല്‍ തന്നെ ടാക്‌സി കമ്പനിയായ ഊബര്‍ ചൈനീസ് എതിരാളികളായ ദിദി ചുക്‌സിങ്ങിന് വിറ്റു. 217ല്‍ മക്‌ഡൊണാള്‍ഡ്‌സും ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. സര്‍ക്കാര്‍ പിന്തുണയുള്ള കമ്പനിയായ സി.ഐ.ടി.ഐ.സി കമ്പനിയുമായാണ് മക്‌ഡൊണാള്‍ഡ്‌സിന്റെ വ്യാപാരം നടന്നത്.

2019ല്‍ ആമസോണും 2022-23 കാലത്ത് ജി.പി.സിയും സമാനമായ രീതിയില്‍ ചൈനീസ് കമ്പനികള്‍ക്ക് തങ്ങളുടെ പൂര്‍ണ അധികാരം വിറ്റഴിച്ച് ചൈനയിലെ വിപണി വിട്ടിരുന്നു.

അതേസമയം, നയതന്ത്രബന്ധം മെച്ചപ്പെടുത്താനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് കടുത്തനിലപാടുകളില്‍ നിന്നും ട്രംപ് പിന്മാറുകയും ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണി പിന്‍വലിക്കുകയും ചെയ്തിരുന്നു.

Content Highlight: Starbucks to sell 60 percent stake in China

We use cookies to give you the best possible experience. Learn more