രഞ്ജി ട്രോഫി 2025-26 സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 15ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 മത്സരങ്ങള്‍ അരങ്ങുതകര്‍ക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ 32 ടീമുകള്‍ 16 മത്സരവും പ്ലേറ്റ് ഗ്രൂപ്പില്‍ ആറ് ടീമുകള്‍ മൂന്ന് മത്സരവുമാണ് കളിക്കുന്നത്.
മത്സരത്തിന്റെ ആദ്യ ദിനം പല മികച്ച പ്രകടനങ്ങളും പിറവിയെടുത്തിരുന്നു. ഇഷാന്‍ കിഷനും എസ്. ഭരത്തും അടക്കമുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ സെഞ്ച്വറിയും സാകിബ് ഹുസൈന്റെയും എം.ഡി. നിധീഷിന്റെയും ബൗളിങ് പ്രകടനങ്ങളും ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്.
ഉത്തര്‍പ്രദേശ് – ആന്ധ്രപ്രദേശ് മത്സരത്തിലാണ് ആന്ധ്ര താരം ശ്രീകര്‍ ഭരത് സെഞ്ച്വറി നേടിയത്. 244 പന്ത് നേരിട്ട താരം 142 റണ്‍സ് സ്വന്തമാക്കി. തമിഴ്‌നാടിനെതിരെ ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷന്‍ 183 പന്തില്‍ 125 റണ്‍സുമായും നാഗാലാന്‍ഡിനെതിരെ വിദര്‍ഭ സൂപ്പര്‍ താരം അമന്‍ മൊഖാദെ 261 പന്തില്‍ 148 റണ്‍സുമായി പുറത്താകാതെ ക്രീസില്‍ തുടരുന്നുണ്ട്.
187 പന്തില്‍ പുറത്താകാതെ 116 റണ്‍സുമായാണ് ഛത്തീസ്ഗഢ് സൂപ്പര്‍ താരം അജയ് മണ്ഡല്‍ ആദ്യ ദിനം അവസാനിപ്പിച്ചത്. രാജസ്ഥാനെതിരെയാണ് താരം സ്‌കോര്‍ ചെയ്തത്.
ജമ്മു കശ്മീരിനെതിരെ 156 പന്തില്‍ 116 റണ്‍സടിച്ച് മടങ്ങിയ സിദ്ധേഷ് ലാഡാണ് ആദ്യ ദിനത്തിലെ അഞ്ചാം സെഞ്ചൂറിയന്‍. മുംബൈ താരമാണ് ലാഡ്.
ചണ്ഡിഗഢിനെതിരെ ഗോവ താരം അഭിനവ് തെജ്‌റാണയും (130*) അരുണാചല്‍ പ്രദേശിനെതിരെ ബീഹാര്‍ താരം ആയുഷ് ലോഹരുകയും (155*) സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്ലേറ്റ് ഗ്രൂപ്പിലാണ് ലോഹരുകയുടെ സെഞ്ച്വറി പിറന്നത്.
ഉത്തര്‍പ്രദേശിനെതിരെ ആന്ധ്ര താരം ഷെയ്ഖ് റഷീദ് സെഞ്ച്വറിക്കരികില്‍ നില്‍ക്കവെയാണ് ആദ്യ ദിനം അവസാനിപ്പിച്ചത്. 197 പന്ത് നേരിട്ട താരം പുറത്താകാതെ 94 റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്.
സെഞ്ച്വറിക്കരികിലെത്തി വീണുപോയ താരങ്ങളും ആദ്യ ദിനത്തിലുണ്ടായിരുന്നു. കേരളം – മഹാരാഷ്ട്ര മത്സരത്തില്‍ മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്ക്വാദ് 91 റണ്‍സിനും കര്‍ണാടക – സൗരാഷ്ട്ര മത്സരത്തില്‍ കര്‍ണാടക താരം ദേവ്ദത്ത് പടിക്കല്‍ 96 റണ്‍സിനും പുറത്തായി.
സ്റ്റാന്‍ഡ് ഔട്ട് ബൗളിങ് പ്രകടനങ്ങളും ആദ്യ ദിവസം പിറവിയെടുത്തിരുന്നു. ഇതില്‍ എടുത്തുപറയേണ്ടത് അരുണാചല്‍ പ്രദേശിനെതിരെ ബീഹാര്‍ താരം സാകിബ് ഹുസൈന്റെ പ്രകടനമാണ്. 11.3 ഓവറില്‍ 41 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സാകിബിന്റെ കരുത്തില്‍ ബീഹാര്‍ അരുണാചലിനെ 105 റണ്‍സിന് പുറത്താക്കി.
രണ്ട് ഡക്ക് അടക്കം മഹാരാഷ്ട്രയ്‌ക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ മലയാളി താരം എം.ഡി. നിധീഷിന്റെ പ്രകടനവും ഒന്നാം ദിവസത്തെ മികച്ച പ്രകടനമാണ്.
എലീറ്റ് ഗ്രൂപ്പ് എ
ഒഡീഷ: 205/5
ബറോഡ:
ആന്ധ്രപ്രദേശ്: 289/3
ഉത്തര്‍ പ്രദേശ്
ജാര്‍ഖണ്ഡ്: 307/6
തമിഴ്‌നാട്:
വിദര്‍ഭ: 302/3
നാഗാലാന്‍ഡ്:
എലീറ്റ് ഗ്രൂപ്പ് ബി
മഹാരാഷ്ട്ര: 179/7
കേരളം:
ഗോവ: 291/3
ചണ്ഡിഗഢ്:
പഞ്ചാബ്: 232/10
മധ്യപ്രദേശ്: 6/0
കര്‍ണാടക: 295/5
സൗരാഷ്ട്ര:
എലീറ്റ് ഗ്രൂപ്പ് സി
ഉത്തരാഖണ്ഡ്: 213
ബംഗാള്‍: 8/1
സര്‍വീസസ്: 246/6
ത്രിപുര:
അസം: 218/6
ഗുജറാത്ത്:
ഹരിയാന: 171
റെയില്‍വെയ്‌സ്: 93/6
എലീറ്റ് ഗ്രൂപ്പ് ഡി
മുംബൈ: 336/5
ജമ്മു കശ്മീര്‍:
ഛത്തീസ്ഗഢ്: 287/7
രാജസ്ഥാന്‍:
ദല്‍ഹി: 256/3
ഹൈദരാബാദ്:
ഹിമാചല്‍പ്രദേശ്: 176/5
പുതുച്ചേരി
പ്ലേറ്റ് ഗ്രൂപ്പ്
സിക്കിം: 265/7 (90)
മണിപ്പൂര്‍:
മേഘാലയ:
മിസോറാം:
നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം ആദ്യ ദിവസം മത്സരം നടന്നില്ല
അരുണാചല്‍ പ്രദേശ്: 105
ബിഹാര്‍: 283/2
Content Highlight: Standout performance in Day one of Ranji Trophy 2025-26