ഹരിദ്വാർ: ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൽ ആറ് മരണം. പ്രധാന ക്ഷേത്രത്തിലേക്കുള്ള ക്ഷേത്ര റോഡിലെ പടിക്കെട്ടിലായിരുന്നു അപകടം ഉണ്ടായത്. കുട്ടികൾ ഉൾപ്പടെ 34 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തിക്കിലും തിരക്കിലും പെട്ട് മാനസ ദേവി ക്ഷേത്രത്തിൽ അപകടമുണ്ടായതായും മരണങ്ങൾ ഉണ്ടായതായും ഗർവാൾ ഡിവിഷൻ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡ് പൊലീസിന്റെ സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രാദേശിക പൊലീസും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.
പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റ് മയൂർ ദീക്ഷിത് പറഞ്ഞു.
‘രണ്ട് പേരുടെ നില ഗുരുതരമാണ്. അവരെ ഉന്നത മെഡിക്കൽ സെന്ററുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ബാക്കിയുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്,’ അദ്ദേഹം പറഞ്ഞു.
ഹിന്ദു ആചാരപ്രകാരം പുണ്യ മാസമായി കണക്കാക്കുന്ന ശ്രാവണ മാസമായതിനാലാണ് ക്ഷേത്രത്തിൽ തിരക്കേറിയതെന്നും അധികാരികൾ പറഞ്ഞു. ഈ സമയത്ത് നഗരത്തിലെ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്നു. ഈ സമയത്ത് ഗംഗാ ജലം ശേഖരിക്കാൻ നിരവധി ശിവഭക്തർ ഹരിദ്വാറിൽ എത്താറുണ്ട്.
രാവിലെ 8.30 ഓടെയാണ് സംഭവം ഉണ്ടായത്. ഒരു ഓവർഹെഡ് വൈദ്യുതി ലൈൻ പൊട്ടി നടപ്പാതയുടെ തിരക്കേറിയ ഭാഗത്തേക്ക് വീണതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Content Highlight: Stampede at Haridwar’s Mansa Devi temple leaves 6 dead, CM Pushkar Dhami reacts