| Saturday, 7th March 2026, 6:53 am

സ്വന്തം ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യയ്ക്ക് മറ്റൊരു രാജ്യത്തിന്റെ അനുമതി എന്തിന്? സ്റ്റാലിന്‍

രാഗേന്ദു. പി.ആര്‍

ചെന്നൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ച യു.എസ് നടപടിയില്‍ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

സ്വന്തം ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യയ്ക്ക് മറ്റൊരു രാജ്യത്തിന്റെ അനുമതി എന്തിനെന്ന് സ്റ്റാലിന്‍ ചോദിച്ചു. ഐറിസ് ദേനയെ കടലില്‍ മുക്കിയ യു.എസിന്റെ നടപടിയും സമാനമായി അസ്വസ്ഥത ഉണ്ടാക്കുന്നതെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.

ഇന്ത്യയുടെ ക്ഷണം ലഭിച്ചെത്തിയ ഒരു കപ്പലിന് ഇത്തരത്തിലൊരു വിധിയുണ്ടാകുമ്പോള്‍, അതില്‍ ഇന്ത്യയ്ക്ക് നിശബ്ദത പാലിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ ദീര്‍ഘകാല തന്ത്രപരമായ സ്വയംഭരണത്തിന്റെയും സ്വതന്ത്ര വിദേശനയത്തിന്റെയും പാരമ്പര്യത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തതായും സ്റ്റാലിന്‍ പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അന്തസ് സംരക്ഷിക്കേണ്ടതുണ്ടെന്നും സ്റ്റാലിന്‍ ഫേസ്ബുക്കില്‍ എഴുതി. രാജ്യത്തിന്റെ പരമാധികാരവും താത്പര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനായി 30 ദിവസത്തെ ഇളവാണ് യു.എസ് ഇന്ത്യക്ക് അനുവദിച്ചിരിക്കുന്നത്. പിന്നാലെ റഷ്യന്‍ എണ്ണയുടെ ആവശ്യകതയില്‍ ഇപ്പോള്‍ കാര്യമായ വര്‍ധനവുണ്ടായെന്ന് റഷ്യ പ്രതികരിച്ചിരുന്നു.

എല്‍.എന്‍.ജി ഉള്‍പ്പെടെയുള്ള എണ്ണയുടെയും വാതകത്തിന്റെയും ഡിമാന്റ് വര്‍ധിച്ചതായി റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. എന്നാല്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എണ്ണയുടെ അളവ് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.

ബാരലിന് 4-5 ഡോളര്‍ വിലയിലാണ് റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യക്ക് വില്‍ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയിലെ എണ്ണ ക്ഷാമം പരിഹരിക്കുന്നതിനായി എല്‍.പി.ജി ഉത്പാദനം വര്‍ധിപ്പിക്കാന്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നിര്‍ദേശം നല്‍കിയിരുന്നു.

അടിയന്തിര അധികാരങ്ങള്‍ ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. എല്‍.പി.ജി ഇറക്കുമതിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ എല്‍.പി.ജിയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. പശ്ചിമേഷ്യയില്‍ നിന്നാണ് 90 ശതമാനവും എല്‍.പി.ജിയും ഇറക്കുമതി ചെയ്യുന്നത്.

Content Highlight: Stalin criticizes US move to grant India exemption to buy oil from Russia

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more