| Saturday, 28th November 2026, 12:25 pm

ചുവട് മാറ്റി സ്റ്റാലിന്‍: മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കും

നിഷാന. വി.വി

ന്യൂദല്‍ഹി: മോദി ഭരണകൂടത്തിന്റെ പരിഷ്‌കരിച്ച മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയക്കാന്‍ തീരുമാനിച്ച് ഡി.എം.കെ. ഇക്കാര്യം വ്യക്തമാക്കി എം.പിമാരുടെ പ്രമേയം പാസാക്കിയിട്ടുണ്ട്. തുടക്കം മുതല്‍ ബില്ലിനെ എതിര്‍ത്ത പാര്‍ട്ടി അധ്യക്ഷന്‍ ചുവട് മാറ്റിയിരിക്കുകയാണ്.

ഡി.എം.കെ ഉന്നയിച്ച രണ്ട് പ്രധാന ആവശ്യങ്ങള്‍ പുതുക്കിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന ന്യായമാണ് എം.കെ സ്റ്റാലിന്‍ മുന്നോട്ട് വെക്കുന്നത്. ബില്ല് പാസാക്കാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന് കുറഞ്ഞത് മൂന്നില്‍ രണ്ട് എം.പിമാരുടെ പിന്തുണ ആവശ്യമായതിനാല്‍ ഡി.എം.കെയുടെ ഈ തീരുമാനം ഏറെ നിര്‍ണായകമാണ്.

പാര്‍ട്ടിക്ക് 22 ലോക്‌സഭാ എം.പിമാരാണുള്ളത്. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇവരുടെ വോട്ടുകള്‍ നിര്‍ണായകമായേക്കാം. നേരത്തെ തന്നെ ഡി.എം.കെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹരിച്ചതായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു.

ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയം പാര്‍ലമെന്റില്‍ തങ്ങളുടെ പ്രാതിനിധ്യം ദുര്‍ബലപ്പെടുത്തിയേക്കാമെന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഡി.എം.കെ ബില്ലിനെ ചിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും ആകെ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാനാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇതിലൂടെ തമിഴ്‌നാടിന്റെ നിലവിലെ സീറ്റ് വിഹിതമായ 7.18 ശതമാനം നഷ്ടമാകാതെ തുടരും. സംസ്ഥാനത്തെ ലോക്‌സഭാ സീറ്റുകള്‍ 39-ല്‍ നിന്ന് 59 ആയി ഉയരും.

1971-ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള അന്തര്‍സംസ്ഥാന സീറ്റ് അനുപാതം 2051 വരെ (അടുത്ത 25 വര്‍ഷത്തേക്ക് കൂടി) മാറ്റമില്ലാതെ തുടരും. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഇതോടെ ഒഴിവാകുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

2029-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധിപ്പിച്ചാണ് സീറ്റ് വര്‍ധനവ് കൊണ്ടുവരുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തമിഴ്‌നാട് നടത്തിവന്ന പോരാട്ടത്തിന്റെ ‘വലിയ വിജയമാണിതെന്ന്’ എം.കെ. സ്റ്റാലിന്‍ വിശേഷിപ്പിച്ചു. 2024 ഫെബ്രുവരി 14-ന് തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തിലെ നിര്‍ദേശങ്ങളാണ് കേന്ദ്രം ഇപ്പോള്‍ അംഗീകരിച്ചതെന്നും, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ ആദ്യം ഉയര്‍ത്തിയത് ഡി.എം.കെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും, കോണ്‍ഗ്രസുമായുള്ള സഖ്യം പിരിഞ്ഞതിനാലാണ് ബി.ജെ.പിയെ പിന്തുണയ്ക്കുന്നത് എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഡി.എം.കെ വ്യക്തമാക്കി.

Content Highlight: Stalin changes tack: Will support the constituency delimitation bill

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more