കൊച്ചി: തട്ടം വിവാദത്തില്‍ സെന്റ്. റീത്താസ് പബ്ലിക് സ്‌കൂളിന് തിരിച്ചടി. വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇ.യുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
വിഷയത്തില്‍ സര്‍ക്കാരിന്റെയും നിലപാട് തേടിയാണ് ഹൈക്കോടതി സ്‌റ്റേ നിഷേധിച്ചത്
ശിരോവസ്ത്രം ധരിച്ചുകൊണ്ട് തന്നെ കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്നും ക്ലാസ് റൂമിലടക്കം ശിരോവസ്ത്രം ധരിച്ച് കൊണ്ട് കുട്ടിയെ പ്രവേശിപ്പിക്കണമെന്നും സ്‌കൂളിനോട് ആവശ്യപ്പെടുന്ന ഡി.ഡി.ഇയുടെ ഉത്തരവിന് എതിരെയായിരുന്നു സ്‌കൂള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സ്‌കൂളിന്റെ അഭിഭാഷകയായ വിമല ബിനു ഹൈക്കോടതിയില്‍ വാദിച്ചത്.
എന്നാല്‍, ഡി.ഡി.ഇയുടെ ഉത്തരവ് റദ്ദ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വിസമ്മതം അറിയിക്കുകയായിരുന്നു. ജസ്റ്റിസ് വി.ജി. അരുണാണ് കേസ് പരിഗണിച്ചത്. ഇടക്കാല സ്റ്റേ എങ്കിലും വേണമെന്ന് സ്‌കൂളിന്റെ അഭിഭാഷകര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും കോടതി അതും നിഷേധിക്കുകയായിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് വ്യക്തമാക്കിയതിന് ശേഷം മാത്രം വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്ന് ഹൈക്കോടതി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നിലപാടായിരിക്കും കേസിന്റെ ഭാവി തീരുമാനിക്കുക. അതുകൊണ്ട് ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് ഏറെ പ്രാധാന്യമുണ്ട്.
ഈ വിഷയം ഒരു വിദ്യാര്‍ത്ഥിയെ മാത്രം ബാധിക്കുന്നതല്ല, വിശാലമായ അര്‍ത്ഥത്തില്‍ ഈ വിധി മറ്റ് കുട്ടികള്‍ക്കും ബാധകമാണെന്നുമിരിക്കെ കൂടുതല്‍ കുട്ടികള്‍ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയേക്കും എന്നതിനാലാണ് സ്‌കൂള്‍ വിഷയത്തില്‍ കൂടുതല്‍ സമ്മര്‍ദങ്ങള്‍ക്ക് ഒരുങ്ങുന്നതെന്നാണ് സൂചന.
നേരത്തെ, വിദ്യാഭ്യാസ വകുപ്പും മന്ത്രി വി. ശിവന്‍കുട്ടിയും സ്‌കൂളിന് പിഴവ് പറ്റിയെന്നും കൃത്യവിലലോപം ഉണ്ടായെന്നും വിമര്‍ശിച്ചിരുന്നു. കൂടാതെ, വിദ്യാഭ്യാസ വകുപ്പ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പ്രവേശിക്കാമെന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചതും. ഇതോടെ സ്‌കൂള്‍ അധികൃതര്‍ സര്‍ക്കാരിനെതിരെ തുറന്ന പോരുമായി രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.
നേരത്തെ, ശിരോവസ്ത്ര വിഷയത്തില്‍ നീതി നിഷേധിക്കപ്പെട്ടെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് സ്‌കൂളിനെതിരെ രംഗത്തെത്തിയിരുന്നു. ദിവസങ്ങളോളം കുട്ടി സ്‌കൂളിലെത്താതിരുന്നിട്ടും സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ചില്ലെന്നും കുട്ടി സ്‌കൂള്‍ മാറുകയാണെന്നും രക്ഷിതാക്കള്‍ അറിയിച്ചിരുന്നു.
സ്‌കൂളില്‍ പഠിക്കുന്നതിന് മാനസിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കുട്ടിയുടെ ആവശ്യപ്രകാരമാണ് സ്‌കൂള്‍ മാറ്റുന്നതെന്നും കുടുംബം അറിയിച്ചിരുന്നു.
Content Highlight: St. Rita’s School suffers setback in headscarf controversy; No stay order from High court