തിരുവനന്തപുരം: എസ്.എസ് .കെ ഫണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടി കാഴ്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്.എസ് .കെ ഫണ്ടിൽ 1158 .71 കോടി രൂപയാണ് ലഭിക്കേണ്ടതെന്നും നിലവിൽ 92.14 കോടി രൂപ ലഭിച്ചെന്നും വി. ശിവൻകുട്ടി പറഞ്ഞു.
1066.36 കോടി രൂപയാണ് നിലവിൽ ലഭിക്കാൻ ബാക്കിയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഭിക്കാനുള്ള തുകയടക്കമുള്ളവ ചർച്ച ചെയ്യുന്നതിനായി ഈ മാസം പത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും ശിവൻകുട്ടി പറഞ്ഞു.
എസ്.എസ് .കെ മുഖാന്തരം പരമാവധി ഫണ്ട് വാങ്ങുന്നതിനായുള്ള നടപടികളുമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള ഗവൺമെന്റിന്റെ ആവശ്യം അംഗീകരിച്ചു തരുന്നതിനായി കുറച്ചു വൈകിയാണെങ്കിലും കേന്ദ്ര ഗവൺമെന്റ് തയ്യാറായിട്ടുണ്ടെന്നും പട്ടിക വർഗ ഹോസ്റ്റലുകൾ നിർമിക്കുന്നതിന് വേണ്ടിയുള്ള ഫണ്ടും ലഭിക്കാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രീ പ്രൈമറി മുതൽ അധ്യാപക പരിശീലനം വരെ ഉൾപ്പെടുന്ന പദ്ധതിയായ സ്റ്റാൽസ് ഫണ്ട് 212.63 കോടി രൂപ അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരത്തിന്റെ ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികൾ ആർ.എസ്.എസ് ഗീതം പാടിയതിനെ കുറിച്ചുള്ള ചോദ്യത്തിനോടും മന്ത്രി പ്രതികരിച്ചു.
വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ചടങ്ങുകളിലൊക്കെ പൊതുവായ ഗാനം വേണമെന്ന നിർദേശം താൻ മുന്നോട്ട് വെച്ചിരുന്നെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Content Highlight: SSK Fund; Will meet with Union Education Minister: V. Sivankutty