| Thursday, 7th May 2026, 11:38 am

ഒരു മിന്നായം പോലെ കണ്ടു.... മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ മിന്നായം സ്റ്റാറായി ശിവദ, അവസാന എന്‍ട്രിയായി പേട്രിയറ്റ്

അമര്‍നാഥ് എം.

ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നായികയാണ് ശിവദ. നായികയായി അരങ്ങേറിയ ആദ്യചിത്രം ലിവിങ് ടുഗെദര്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് മോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ശിവദക്ക് സാധിച്ചു. സു സു സുധി വാത്മീകത്തിലൂടെയാണ് ശിവദ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

മലയാളത്തിന് പുറമെ തമിഴിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ ശിവദക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെയായി ശിവദ ഭാഗമാകുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ലൂസിഫര്‍, എമ്പുരാന്‍, 2018 എന്നിങ്ങനെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പേട്രിയറ്റില്‍ വരെ ശിവദയുടെ സാന്നിധ്യമുണ്ട്. എന്നാല്‍ ഈ സിനിമകളിലെല്ലാം വെറുതെ വന്നുപോകുന്ന വേഷമാണ് ശിവദയുടേത്.

ലൂസിഫറില്‍ ഇന്ദ്രജിത്തിന്റെ പങ്കാളിയായ ശ്രീലേഖ എന്ന കഥാപാത്രമായാണ് ശിവദ പ്രത്യക്ഷപ്പെട്ടത്. രണ്ടേമുക്കാല്‍ മണിക്കൂറുള്ള സിനിമയില്‍ അവാസനം വെറും ഒരു മിനിറ്റ് മാത്രമാണ് ശിവദ സ്‌ക്രീനില്‍ വരുന്നത്. ഒരു ഡയലോഗ് പോലുമില്ലെങ്കിലും കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാനിലും ഈ കഥാപാത്രമുണ്ടായിരുന്നു. പ്രത്യേക ക്യാരക്ടര്‍ വീഡിയോ വരെ പുറത്തുവിട്ടിരുന്നെങ്കിലും ആ വീഡിയോയുടെ ദൈര്‍ഘ്യം പോലും എമ്പുരാനില്‍ ശിവദക്ക് ലഭിച്ചിരുന്നില്ല.

പുലിമുരുകനെ തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ 2018ലും ശിവദയുടെ സാന്നിധ്യമുണ്ടായിരുന്നു. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച ഷാജി എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് ശിവദ വേഷമിട്ടത്. മൂന്ന് സീനില്‍ മാത്രമായിരുന്നു സെറീന എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. ചെറുതെങ്കിലും മനസില്‍ തങ്ങി നില്‍ക്കുന്ന പ്രകടനമായിരുന്നു ശിവദയുടേത്.

ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ പേട്രിയറ്റിലും ശിവദയുടെ സാന്നിധ്യമുണ്ട്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച മൈക്കള്‍ ദേവസ്സി എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു ശിവദക്ക്. പേരില്ലാത്ത കഥാപാത്രമായിരുന്നു പേട്രിയറ്റില്‍. ഇതോടെ മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ മിന്നായം പോലെ പ്രത്യക്ഷപ്പെടുന്ന താരമെന്ന് സോഷ്യല്‍ മീഡിയ ശിവദയെ വിശേഷിപ്പിക്കുകയാണ്.

മിന്നായം സ്റ്റാറെന്ന് ചില ഫേസ്ബുക്ക് ഐ.ഡികള്‍ ശിവദയെ വിശേഷിപ്പിക്കുന്നുണ്ട്. പകല്‍പ്പൂരം എന്ന ചിത്രത്തില്‍ മുകേഷ് പറയുന്ന ‘ഒരു മിന്നായം പോലെ കണ്ടു’ എന്ന ഡയലോഗ് വെച്ചും താരത്തെ ട്രോളുന്നുണ്ട്. നല്ല പൊട്ടന്‍ഷ്യലുള്ള നടിയെ ഇത്തരം ചെറിയ വേഷങ്ങളില്‍ മാത്രം പരിഗണിക്കുന്ന സംവിധായകര്‍ക്കെതിരെയും വിമര്‍ശനമുണ്ട്.

Content Highlight: Sshivada doing small roles in Multistar movies

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more