| Wednesday, 21st October 2026, 7:03 pm

ആദ്യത്തെ പതിനഞ്ച് മിനിട്ടില്‍ പ്രേക്ഷകനെ സിനിമയിലേക്ക് ഹുക്ക് ചെയ്യാന്‍ സാധിക്കണം എന്നാണ് എന്റെ അച്ഛന്‍ എന്നോട് പറഞ്ഞത്: എസ്.എസ് രാജമൗലി

അശ്വിന്‍ രാജേന്ദ്രന്‍

നായകനാരാണെന്ന് നോക്കാതെ സംവിധായകനെ മാത്രം നോക്കി പ്രേക്ഷകരെ ടിക്കറ്റെടുപ്പിക്കാന്‍ മാത്രം വലിപ്പത്തില്‍ തന്റെ ബ്രാന്‍ഡ് വളര്‍ത്തിയ ആളാണ് എസ്.എസ്.രാജമൗലി. ബാഹുബലിക്കും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ആര്‍.ആര്‍. ആറിനും ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയാണ് സംവിധായകന്റെ പുതിയതായി വരാനിരിക്കുന്ന പ്രൊജക്ട്. ആയിരം കോടിയലധികം മുതല്‍മുടക്കില്‍ ഒരുങ്ങുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

വാരണാസി. Photo: X.com

ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുകയും ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ആര്‍.ആര്‍ ആറും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടെ വമ്പന്‍ റിലീസിനാണ് വാരാണാസി തയ്യാറെടുക്കുന്നത്. ചിത്രത്തില്‍ മോളിവുഡിന്റെ പ്രിയതാരം പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്നതോടെ വലിയ ആവേശത്തിലാണ് മലയാളി ഓഡിയന്‍സും.

ഇപ്പോഴിതാ ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ അതിലേക്ക് പ്രേക്ഷകനെ പിടിച്ചിരുത്താന്‍ വേണ്ടി താന്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യത്തെ പതിനഞ്ച് മിനുട്ട് പ്രേക്ഷകനെ സിനിമയിലേക്ക് പിടിച്ചുരുത്തുക എന്നതാണ് തന്റെ പിതാവ് നല്‍കിയ ഉപദേശമെന്ന് രാജമൗലി പറയുന്നു.

‘എല്ലാ ഇമോഷന്‍സും ഒത്തുച്ചേരാതെ ഇന്ത്യയില്‍ ഒരു സിനിമ പൂര്‍ണമാകുമെന്ന് ഞാന്‍ കരുതുന്നില്ല. ചിത്രത്തിന് തിരക്കഥ എഴുതുന്നത് തന്നെ അങ്ങനെയാണ്. ലൗ, റൊമാന്‍സ്, ദേഷ്യം, റിവഞ്ച് തുടങ്ങി, എല്ലാം ഇന്ത്യന്‍ സിനിമയില്‍ ഒന്നിച്ച് വരും. കുട്ടികളായിരുന്നപ്പോള്‍ ഞങ്ങള്‍ സിനിമ കണ്ട് വളര്‍ന്നതും അങ്ങനെ തന്നെയാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന്‍ ലെങ്ത് അല്പം കൂടിപ്പോയാക്കാം. എന്നുവെച്ച് ലെങ്ത് കുറക്കുക എന്നത് അതിനൊരു പരിഹാരമല്ല.

എസ്.എസ് രാജമൗലി. Photo: X.com

കാരണം എത്ര ചെറിയ ചിത്രമാണെങ്കിലും അത് ബോറാണെങ്കില്‍ അഞ്ച് പത്ത് മിനിട്ടിനുള്ളില്‍ തന്നെ ആളുകള്‍ അവരുടെ ഫോണില്‍ കളിക്കാന്‍ തുടങ്ങും. എന്റെ പിതാവ് എന്നോട് പറഞ്ഞതെന്താണെന്ന് വെച്ചാല്‍ പ്രേക്ഷകനെ സിനിമയിലേക്ക് പിടിച്ചിരുത്താന്‍ നിനക്ക് ആദ്യത്തെ പതിനഞ്ച് മിനിട്ട് ഉണ്ട് എന്നാണ്. അവരെ ഈ സമയം കൊണ്ട് ചിത്രത്തിലേക്ക് ഹുക്ക് ചെയ്യുകയും കഥാപാത്രത്തിനോട് ഒരു ഫീലിങ്‌സ് ഉള്ളവരാക്കി തീര്‍ക്കുകയും വേണം. ചിലപ്പോള്‍ ഒരു മുപ്പത് വര്‍ഷം കഴിഞ്ഞാല്‍ ഓഡിയന്‍സ് പതിനഞ്ച് മിനിട്ടിന് പകരം അഞ്ച് മിനിട്ടായിരിക്കും തരുന്നത്,’ രാജമൗലി പറഞ്ഞു.

Content Highlight: SS Rajamouli talks about Film making technique

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more