നാനി, സമാന്ത, കിച്ച സുന്ദീപ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്. എസ് രാജമൗലി സംവിധാനം ചെയ്ത് 2012ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഈഗ. തികച്ചും വ്യത്യസ്തമായ പ്രമേയവുമായെത്തിയ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ആഗോളതലത്തില്‍ 130 കോടി കളക്ടറ്റ് ചെയ്ത ഈഗ കേരളത്തിലും വലിയ തരംഗമായിരുന്നു.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് വരുന്നുവെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സിനിമ 2026ല്‍ റീ റിലസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. രാജമൗലിയുടെ അടുത്ത ചിത്രമായ വാരണാസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ റീ റിലീസ് വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രം 3dയിലും എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
തമിഴില്‍ നാന്‍ ഈ എന്ന പേരിലും മലയാളത്തില്‍ ഈച്ച എന്ന പേരിലുമായിരുന്നു ഈഗ പ്രദര്‍ശനത്തിനെത്തിയിരുന്നത്. ഈച്ചയായി പുനര്‍ജനിച്ച നായകന് വില്ലനോട് പ്രതികാരം ചെയ്യുന്ന കഥ പറയുന്ന ഈഗ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യന്‍ സിനിമ അതുവരെ കണ്ടതില്‍ വെച്ച് തികച്ചും വ്യത്യസ്തമായ അനുഭവം കാണികള്‍ക്ക് സമ്മാനിച്ച ചിത്രം കൂടിയായിരുന്നു ഈച്ച.
മികച്ച തെലുങ്ക് ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്‌സ് എന്നീ മേഖലകളില്‍ ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ഈഗ സ്വന്തമാക്കിയിരുന്നു. ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന നാനിക്കും സാമന്തക്കും ഒരു കരിയര്‍ ബ്രേക്ക് നേടി കൊടുത്ത ചിത്രം കൂടിയായിരുന്നു ഈഗ.
അതേസമയം പുതിയൊരു പരീക്ഷണവുമായി രണ്ട് ഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് ഒറ്റ സിനിമയായി ബാഹുബലി ദി എപ്പിക് എന്ന പേരില്‍ രാജമൗലിയുടെ ബാഹുബലി വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തിയിരുന്നു. റീ റിലീസ് സിനിമകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണ് ബാഹുബലി സ്വന്തമാക്കിയത്. ഈ ഓളം വിട്ട് മാറുന്നതിന് മുമ്പാണ് ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസുമായി ഈ വാര്‍ത്ത വന്നത്.
Content Highlight: SS Rajamouli’s film Eega is getting ready for a re-release