| Saturday, 15th November 2025, 10:15 pm

മഹേഷ് ബാബു-രാജമൗലി ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര് പുറത്ത്. വാരണാസി എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ന് ഹൈദരാബാദില്‍ വെച്ച് നടന്ന ചടങ്ങിലാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചത്. ഔദ്യോഗികമായി റിപ്പോര്‍ട്ടുകള്‍ വന്നില്ലെങ്കിലും പരിപാടിയുടെ  ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് സിനിമയുടെ പരിപാടി നടക്കുന്നത്. പൃഥ്വിരാജിന്റെയും പ്രിയങ്ക ചോപ്രയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പോസ്റ്ററിന് വലിയ രീതയിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മഹേഷ് ബാബുവിന്റെ ക്യാരക്ടര്‍ ലുക്കിനൊപ്പമാണ് വാരണാസിയെന്ന സിനിമയുടെ പേരും പുറത്ത് വിട്ടിരിക്കുന്നത്.

അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ ഓരോ അപ്‌ഡേറ്റും സിനിമാ ലോകത്തെ ആവേശം കൊള്ളിച്ചിരുന്നു. എം.എ കീരവാണിയാണ് സിനിമയുടെ മ്യൂസിക് കൈകാര്യം ചെയ്യുന്നത്.
ഇന്ത്യയിലും വിദേശത്തുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ഒഡിഷയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. പിന്നീട് ഹൈദരബാദ്, ലണ്ടന്‍, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ മറ്റ് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി. യു.എസ്, മെക്‌സിക്കോ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാകും അടുത്ത ഷെഡ്യൂളെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027 ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.

ഇന്ത്യന്‍ സിനിമയുടെ റേഞ്ച് ലോക സിനിമക്ക് മുമ്പില്‍ വ്യക്തമാക്കാന്‍ പോകുന്ന പ്രൊജക്ടായാണ് വാരണാസിയെ പലരും കണക്കാക്കുന്നത്. എസ്. എസ്. എംബി എന്നായിരുന്നു സിനിമിക്ക് താത്കാലികമായി നല്‍കിയിരുന്ന ടൈറ്റില്‍. മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

Content highlight: SS Rajamouli mahesh babu film name announced 

We use cookies to give you the best possible experience. Learn more