| Tuesday, 24th January 2012, 8:36 pm

തീസീസിനൊപ്പം സ്വര്‍ണ്ണക്കോയിന്‍; ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ ഗൈഡിനെതിനെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൈഡ് ഡോ.രാധാകൃഷ്ണനെതിരെ നടപടി. അധ്യാപകന്റെ ഗൈഡ്ഷിപ്പ് ഒഴിവാക്കി. 12 വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ മൊഴിനല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

കേരള യൂണിവേഴ്‌സിറ്റിയില്‍ ഗൈഡുകളായ അധ്യാപകര്‍ ഗവേഷണ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. പീഡനത്തെ തുടര്‍ന്ന് കാര്യവട്ടം കാമ്പസിലെ അക്വാട്ടിക് ബയോളജി വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിനി രശ്മി ആത്മഹത്യ ചെയ്തിരുന്നു.

വിഷം കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 31നാണ് രശ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം വിദ്യാര്‍ത്ഥിനി മരിക്കുകയായിരുന്നു. ഗൈഡ് ഡോ. രാധാകൃഷ്ണന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് സഹവിദ്യാര്‍ത്ഥികളും ബന്ധുക്കളും ആരോപിച്ചിരുന്നു. യൂണിവേഴ്‌സിറ്റിയിലെ പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് വിധേയരായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.

ഗവേഷണ വിദ്യാര്‍ത്ഥിയായ രശ്മിക്ക് കഴിഞ്ഞ പത്ത് മാസമായി ഫെലോഷിപ്പ് തുക ലഭിച്ചിരുന്നില്ല. വര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫെലോഷിപ്പ് ലഭിക്കാത്തതെന്നായിരുന്നു ഗൈഡിന്റെ വിശദീകരണം. എന്നാല്‍ ഫെലോഷിപ്പ് ഗൈഡ് മനപ്പൂര്‍വ്വം വൈകിക്കുകയായിരുന്നുവെന്നാണ് സഹപാഠികള്‍ ആരോപിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ആവശ്യപ്പെട്ടിട്ടും വര്‍ക്ക് റിപ്പോര്‍ട്ട് ഒപ്പിട്ടുനല്‍കാന്‍ രാധാകൃഷ്ണന്‍ വിസമ്മതിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഈ വിഷയത്തില്‍ രശ്മിയുടെ അച്ഛനെ വിളിച്ചുവരുത്തി ഗൈഡ് വഴക്ക് പറഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കടുത്ത മാനസിക വിഷമത്തിലായിരുന്നു.

ഡോ. രാധാകൃഷ്ണന്റെ ഭാര്യ ഡോ. ട്രീസയും ഇതേ ഡിപ്പാര്‍ട്ടമെന്റില്‍ ഗൈഡാണ്. ഇവര്‍ക്കെതിരെയും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതേ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു വിദ്യാര്‍ത്ഥി നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. ചില ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ തീസീസ് സമര്‍പ്പിക്കുന്നതിനൊപ്പം ഗൈഡിന് സ്വര്‍ണ്ണക്കോയിന്‍ സമ്മാനിക്കണമെന്നാണ് അലിഖിത നിയമമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഗവേഷക വിദ്യാര്‍ത്ഥികളോട് ചില അധ്യാപകര്‍ ജാതീയമായ വിവേചനം കാണിക്കുന്നതായും ആരോപണമുണ്ട്.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more