| Saturday, 26th April 2025, 2:54 pm

കെ.ജി.എഫ് എനിക്കൊരു പ്ലേ സ്‌കൂള്‍; അദ്ദേഹത്തെ കോപ്പി ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്: ശ്രീനിധി ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി.എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് ശ്രീനിധി ഷെട്ടി. മോഡല്‍ കൂടിയായ ശ്രീനിധി 2016ലെ മിസ് ദിവാ മത്സരത്തില്‍ മിസ് സൂപ്പര്‍നാഷണല്‍ ഇന്ത്യയായി കിരീടമണിഞ്ഞിരുന്നു.

പിന്നീട് മിസ് സുപ്രനാഷണല്‍ 2016ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീനിധി പങ്കെടുത്തു. ഈ കിരീടം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ പ്രതിനിധിയാണ് ശ്രീനിധി ഷെട്ടി. ഇപ്പോള്‍ നടിയുടേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ്: ദി തേര്‍ഡ് കേസ്.

ഹിറ്റ് യൂണിവേഴ്സിലെ മൂന്നാം ഭാഗവും 2022ല്‍ പുറത്തിറങ്ങിയ ഹിറ്റ്: ദി സെക്കന്റ് കേസിന്റെ തുടര്‍ച്ചയുമാണ് ഈ ചിത്രം. സിനിമയില്‍ നാനിയാണ് നായകനായി എത്തുന്നത്. ശ്രീനിധിയുടെ ആദ്യ ചിത്രമായ കെ.ജി.എഫില്‍ നായകനായി എത്തിയിരുന്നത് യഷ് ആയിരുന്നു.

ഇപ്പോള്‍ കെ.ജി.എഫ് സിനിമയുടെ ഷൂട്ടിങ്ങിനെ കുറിച്ച് പറയുകയാണ് ശ്രീനിധി. തനിക്ക് ആ സിനിമയുടെ ഷൂട്ടിങ് ഒരു പ്ലേ സ്‌കൂള്‍ പോലെയായിരുന്നു എന്നാണ് നടി പറയുന്നത്. പേര്‍ളി മാണിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു ശ്രീനിധി.

കെ.ജി.എഫ് സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല. എനിക്ക് ആ സിനിമയുടെ ഷൂട്ടിങ് ഒരു പ്ലേ സ്‌കൂള്‍ പോലെയായിരുന്നു. എല്ലാ ദിവസവും രാവിലെ പോകുന്നു അഭിനയിക്കുന്നു, തിരിച്ചു വരുന്നു. ശരിക്കും ഒരു പ്ലേ സ്‌കൂള്‍ പോലെ തന്നെയായിരുന്നു.

സംവിധായകന്‍ പ്രശാന്ത് നീല്‍ സ്പൂണ്‍ ഫീഡ് ചെയ്യുന്ന ആളാണ്. എന്താണ് ശരിക്കും തനിക്ക് വേണ്ടതെന്ന് അദ്ദേഹം എന്നോട് പറയുമായിരുന്നു. ഇത്ര വേണം, ഇങ്ങനെ വേണമെന്ന് പറയും. അത് മാത്രം ചെയ്താല്‍ മതി. അതുകൊണ്ട് എനിക്ക് അധികം ബ്രെയിന്‍ യൂസ് ചെയ്യേണ്ടി വന്നിട്ടില്ല.

രണ്ടാം ഭാഗത്തിലാണ് ഞാന്‍ കുറച്ച് കൂടെ ബ്രെയിന്‍ യൂസ് ചെയ്യുന്നത്. രണ്ടാം ഭാഗം ആളുകള്‍ ഇഷ്ടപ്പെടണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആദ്യ ഭാഗത്തില്‍ ഞാന്‍ ചെയ്തതൊന്നും എനിക്ക് ഇഷ്ടമായിരുന്നില്ല. എന്നെ അതില്‍ എനിക്ക് അത്ര ഇഷ്ടമായില്ല.

തുടക്കമായത് കൊണ്ട് എനിക്ക് അധികം അറിയില്ലായിരുന്നു. അതുകൊണ്ട് സംവിധായകന്‍ എന്താണോ പറഞ്ഞത് അത് ചെയ്യുകയായിരുന്നു. അദ്ദേഹം എന്റെ മുന്നില്‍ ചെയ്ത കാര്യങ്ങള്‍ ഞാന്‍ കോപ്പി ചെയ്യുക മാത്രമാണ് ചെയ്തത്. കെ.ജി.എഫിന്റെ ആദ്യ ഭാഗത്തില്‍ എനിക്ക് വളരെ ചെറിയ റോളായിരുന്നല്ലോ ഉണ്ടായിരുന്നത്,’ ശ്രീനിധി ഷെട്ടി പറയുന്നു.


Content Highlight: Srinidhi Shetty Says KGF Was A Playschool For Her

Latest Stories

We use cookies to give you the best possible experience. Learn more