മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രിന്ദ. 2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച താരം പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായി. എന്നാല്‍ എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലെത്തിയ 1983 യെന്ന ചിത്രമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. ചിത്രത്തിലെ സുശീല എന്ന കഥാപാത്രത്തെ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു.
പിന്നീട് പറവ, അമര്‍ അക്ബര്‍ അന്തോണി, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന്റെ ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ആട് 3യാണ്. ഇന്നും ഇന്‍ഡസ്ട്രിയില്‍ സജീവമായ ശ്രിന്ദ സിനിമയില്‍ വന്നിട്ട് ഏകദേശം 15 വര്‍ഷം പിന്നിട്ടു.
ഇപ്പോള്‍ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ കരിയറിലും ജീവിതത്തിലും എന്തൊക്കെ മാറ്റങ്ങളാണ് അനുഭവപ്പെട്ടതെന്ന് ശ്രിന്ദ പറയുന്നു. സിനിമയ്ക്കുള്ളില്‍ തനിക്കിന്ന് കൃത്യമായ സ്‌പേസ് ലഭിക്കുന്നുണ്ടെന്ന് നടി പരറയുന്നു.
‘ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ ബഹുമാനവും ഇടവും നേടിയെടുക്കാന്‍ കഴിഞ്ഞു. ലഭിച്ച കഥാപാത്രങ്ങളോടും എന്നെ വിശ്വസിച്ച സിനിമാപ്രവര്‍ത്തകരോടും നന്ദിയുണ്ട്. എന്റെ പേരിനേക്കാളുപരി ചെയ്ത കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നത്. ഒരു അഭിനേത്രിയെ സംബന്ധിച്ച് അതിനേക്കാള്‍ വലിയ അംഗീകാരം വേറെ ലഭിക്കാനില്ല.
‘1983’ എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്. സുശീലയെ ലഭിച്ചത് ഒരു ഭാഗ്യമാണ്. വര്‍ഷ ങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രവും അതിലെ ഡയലോഗുകളും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഇത്രയും കാലത്തിനുശേഷവും ആളുകള്‍ ആ കഥാപാത്രത്തെ നെഞ്ചേറ്റുന്നു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം,’ ശ്രിന്ദ പറയുന്നു.
കൂടെ നില്‍ക്കുന്നവരുടെ ഭാവങ്ങളില്‍ നിന്നുപോലും ഊര്‍ജം ഉള്‍ക്കൊണ്ടാണ് കഥാപാത്രം രൂപപ്പെടുന്നതെന്നും കൂടെയുള്ളവരുടെ ചെറിയ ഭാവമാറ്റം പോലും തന്നെ ബാധിക്കാറുണ്ടെന്നും ശ്രിന്ദ പറയുന്നു.
ഒരു കഥാപാത്രം വിജയിക്കുന്നത് അഭിനേതാവിന്റെ മാത്രം കഴിവുകൊണ്ടല്ലെന്നും കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റുകള്‍, സംവിധായകന്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ ഓരോരുത്തര്‍ക്കും അതില്‍ വലിയ പങ്കുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ പറഞ്ഞുതരുന്നത് പൂര്‍ണ്ണമായും പിന്തുടരാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും ശ്രിന്ദ പറഞ്ഞു.
Content Highlight: Srinda talks about career changes and her character in the film 1983