| Tuesday, 31st March 2026, 4:17 pm

ഒരു കഥാപാത്രം നമുക്ക് ചേരില്ലെന്ന് തോന്നിയാല്‍ 'നോ' പറയുന്നതില്‍ തെറ്റില്ല: ശ്രിന്ദ

ഐറിന്‍ മരിയ ആന്റണി

ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയായി തീരുകയും ചെയ്ത നടിയാണ് ശ്രിന്ദ. 22 ഫീമെയില്‍ കോട്ടയം, തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും നിവിന്‍ പോളി നായകനായെത്തിയ 1983 എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

സിനിമയിലെ സുശീല എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരും കയ്യും നീട്ടി സ്വീകരിച്ചു. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ സജീവമായ താരം ഡബ്ബിങ്ങിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കമ്മട്ടിപാടം, തൊണ്ടിമുതലും ദൃക്സാക്ഷിയും, സൗദി വെള്ളക്ക എന്നീ സിനിമകളില്‍ ശ്രിന്ദ ഡബ്ബ് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഗൃഹലക്ഷ്മിയുമായുള്ള താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ചില കഥാപാത്രങ്ങള്‍ക്ക് നമ്മള്‍ നോ പറയേണ്ടി വരുമെന്ന ശ്രിന്ദ പറയുന്നു.

‘ഒരു കഥാപാത്രം നമുക്ക് ചേരില്ലെന്ന് തോന്നിയാല്‍ ‘നോ’ പറയുന്നതില്‍ തെറ്റില്ല. അക്കാര്യത്തില്‍ ഞാന്‍ കുറച്ചുകൂടി വ്യക്തതയുള്ള ഒരാളായി മാറിയെന്നു തോന്നുന്നു. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ അല്ലെങ്കില്‍ കഥ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിന് അത് എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതാണ് അടിസ്ഥാനം.
ചിലപ്പോള്‍ വലിയ പ്രതീക്ഷയോടെ സിനിമ തുടങ്ങി, പ്രൊഡക്ഷന്‍ പുരോഗമിക്കുമ്പോള്‍ വിചാരിച്ച രീതിയിലാവില്ല മുന്നോട്ടുപോകുന്നത്.

എങ്കിലും, കഥാപാത്രത്തോട് ആദ്യം തോന്നിയ ഇഷ്ടം നിലനിര്‍ത്തിക്കൊണ്ട് അത് പൂര്‍ത്തിയാക്കുയാണ് പ്രധാനം. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഞാന്‍ മുഖവിലക്ക് എടുക്കാറില്ല. മറ്റൊരാളെ വേദനിപ്പിക്കുന്നതിലൂടെ അവര്‍ക്ക് എന്തെങ്കിലും സന്തോഷം കിട്ടുന്നുണ്ടാവാം. അനാവശ്യമായ കുറ്റപ്പെടുത്തലുകളെയും കളിയാക്കലുകളെയും അവഗണിക്കുകയാണ് ഏറ്റവും നല്ലത്,’ ശ്രിന്ദ പറയുന്നു.

സൗഹ്യദങ്ങള്‍ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും സിനിമയിലെ സുഹൃത്തുക്കള്‍ തന്റെ കുടുംബം പോലെയാണെന്നും ശ്രിന്ദ പറയുന്നു. സിനിമയ്ക്ക് പുറത്തും വലിയൊരു സൗഹ്യദവലയമുണ്ടെന്നും സുഹൃത്തുക്കളാണ് എന്നെ താനായി നിലനിര്‍ത്തുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. ബത്ലഹേം കുടുംബ യൂണീറ്റ്, എല്‍ ക്ലാസിക്കോ എന്നീ സിനിമകള്‍ തന്റേതൈായി വരാനുണ്ടെന്നും ശ്രിന്ദ പറഞ്ഞു.

Content Highlight:    Srinda says that we will have to say no to some characters

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more